കോട്ടയം: എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അദ്ധ്യക്ഷനും യുഡിഎഫ് ചെയര്‍മാനുമായിരുന്ന സജി മഞ്ഞക്കടമ്പില്‍. ‘കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്’ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയില്‍ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളാ കോൺഗ്രസുകാരനായി ജനിച്ച് ജീവിച്ച എനിക്ക് കേരളാ കോൺഗ്രസുകാരനായി മരിക്കണം. അതിനാണ് പുതിയ പാർട്ടി രൂപികരിച്ചതെന്ന് സജി പറഞ്ഞു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഇന്ന് മണ്ഡലത്തിലെത്തുമ്പോള്‍ സജി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. കോട്ടയത്ത് സജി മഞ്ഞക്കടമ്പില്‍ വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനിലാണ് തീരുമാനങ്ങളെടുത്തത്. എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി യോഗത്തിനെത്തിയിരുന്നു.
മോന്‍സ് ജോസഫുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് സജി മഞ്ഞക്കടമ്പില്‍ ജോസഫ് വിഭാഗം കോൺഗ്രസ് വിട്ടത്. അപമാനിതനായി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ‘അവശിഷ്ട മാണി’ക്കാരനായി ജോസഫ് ഗ്രൂപ്പിൽ തുടരാനില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും സജി മഞ്ഞക്കടമ്പിൽ രാജി വച്ചത്.