സ്കോട്ട്ലൻഡ്: വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കുന്നതിനിടെയാണ് അപകടം. സ്കോട്ട്ലൻഡിലെ ബ്ലെയർ അത്തോളിലുള്ള ടമ്മൽ വെള്ളച്ചാട്ടത്തിൽ വീണാണ് അപകടം സംഭവിച്ചത്. ഏപ്രിൽ 17 നായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട ഇരുവരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്.
26 കാരനായ ജിതേന്ദ്രനാഥ് ‘ജിതു’ കാരൂരിയും 22 കാരനായ ചാണക്യ ബൊളിസെറ്റിയുമാണ് കൊല്ലപ്പെട്ടത്. ഇരുവരും സ്കോട്ട്ലൻഡിലെ ഡ്യൂണ്ടീ യൂണിവേഴ്സിറ്റിയിലെ ഡാറ്റ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ്. മറ്റൊരു സുഹൃത്തിനൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കവെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം. തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് സ്കോട്ട്ലൻഡ് പൊലീസ് അറിയിച്ചു.