ഗിരീഷ് എഡിയുടെ സംവിധാനത്തിൽ എത്തിയ ഈ വർഷത്തെ ആദ്യ ഹിറ്റായിരുന്നു പ്രേമലു. 125 കോടി കളക്ഷൻ നേടിയ ചിത്രത്തിൽ ഒരു കൂട്ടം യുവതാരങ്ങളാണ് അഭിനയിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പ്രേമലുവിന്റെ വിജയാഘോഷ വേളയിൽ സംവിധായകൻ തന്നെയാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്.
രണ്ടാം ഭാഗത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ സാധിക്കില്ല. ഉറപ്പായും രണ്ടാം ഭാഗവും പ്രേക്ഷകർ ഏറ്റെടുക്കും. ഭാവനാ സ്റ്റുഡിയോസിന്റെ ഏഴാമത്തെ ചിത്രമായിരിക്കും ഇതെന്നും സംവിധായകൻ പറഞ്ഞു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഫഹദ് ഫാസിൽ, നസ്രിയ, അമൽ നീരദ്, എന്നിവരും പങ്കെടുത്തു.
മലയാളത്തിലെ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് പ്രേമലു. മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലും ചിത്രം വലിയ വിജയം നേടി. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചിത്രം തിയറ്ററുകളിൽ പ്രേക്ഷകരെ ആകർഷിച്ചത്. കുടുംബ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തതോടെ മികച്ച കളക്ഷൻ നേടുകയായിരുന്നു.
നസ്‌ലിൻ, മമിത ബൈജു, ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. തെലുങ്കിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന മലയാളം സിനിമ എന്ന റെക്കോർഡും പ്രേമലു സ്വന്തമാക്കി. സംവിധായകൻ എസ്എസ് രാജമൗലിയുടെ മകൻ എസ്എസ് കാർത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് ചിത്രത്തിന്റെ തെലുങ്ക് റൈറ്റ്‌സ് സ്വന്തമാക്കിയത്.















