തൃശൂർ: പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം. പൊലീസിന്റെ അനാവശ്യമായ ഇടപെടൽ കാരണമാണ് ചരിത്ര പ്രസിദ്ധമായ മഠത്തിലെ വരവ് നിർത്തിവച്ച് ഒരാന പുറത്ത് എഴുന്നള്ളിച്ച് പന്തലിൽ അവസാനിപ്പിക്കേണ്ടി വന്നതെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് സുന്ദർ മേനോൻ ആരോപിച്ചു.
പൂരം ആസ്വദിക്കാവുന്ന രീതിയിൽ പൊതുജനങ്ങൾക്ക് റോഡുകൾ തുറന്ന് നൽകേണ്ടതാണ്. എന്നാൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുംവിധം വഴികൾ പൊലീസ് അടച്ചു പൂട്ടി. സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളും അടച്ച് ആളുകളെ തടഞ്ഞു. തുടർന്നാണ് രാത്രി എഴുന്നള്ളിപ്പ് നിർത്തിവച്ചത്.
വെടിക്കെട്ട് സ്ഥലത്ത് നിന്ന് പൂരക്കമ്മിറ്റിക്കാരെ മാറ്റണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. 175 പേർക്ക് മാത്രം പ്രവേശനമെന്നും പൊലീസ് നിർദ്ദേശിച്ചു. എന്നാൽ വെടിക്കെട്ട് പണിക്കാരും കമ്മിറ്റിക്കാരുമായി ഏറെ പേർ പൂര പറമ്പിൽ വേണമെന്ന് തിരുവമ്പാടി ആവശ്യപ്പെട്ടു. പ്രതിസന്ധിയെ തുടർന്ന് രാത്രിയിലെ മഠത്തിൽ വരവ് നിർത്തിവെച്ചു. അലങ്കാര പന്തലിലെ വെളിച്ചം ഒഴിവാക്കി പ്രതിഷേധിച്ചു. പൊലീസ് നിയന്ത്രണം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘാടകർക്കും ആഘോഷ കമ്മറ്റിക്കും കളക്ടർ നൽകിയ ഉറപ്പിലാണ് വെടിക്കെട്ട് നടത്തുന്നത്. സുഗമമായി വെടിക്കെട്ട് നടത്താൻ അനുവദിക്കുമെന്ന് കളക്ടർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാവിലെ ഏഴിന് വെടിക്കെട്ട് നടത്താമെന്ന് തീരുമാനിച്ചിരിക്കുന്നത്. അല്ലെങ്കിൽ ഒരാന പുറത്ത് ചടങ്ങ് മാത്രമായി ആഘോഷം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.