ന്യൂഡൽഹി: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതായി അറിയിച്ച് ടെസ്ല സിഇഒ ഇലോൺ മസ്‌ക്. ഔദ്യോഗികമായ ചില തിരക്കുകൾ ഉള്ളതിനാൽ ഇന്ത്യാ സന്ദർശനം താത്കാലികമായി മാറ്റി വയ്‌ക്കുന്നുവെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. ഈ മാസം 21, 22 തിയതികളിലായി മസ്‌ക് ഇന്ത്യ സന്ദർശിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
‘ നിർഭാഗ്യവശാൽ, വളരെ ഭാരിച്ച കുറച്ച് തിരക്കുകൾ ഉള്ളതിനാൽ ഇന്ത്യാ സന്ദർശനം വൈകും. എന്നാൽ ഈ വർഷം അവസാനത്തിനുള്ളിൽ തന്നെ ഇന്ത്യാ സന്ദർശം ഉണ്ടാകുമെന്നും’ അദ്ദേഹം എക്‌സിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു. അതേസമയം ഈമാസം 23ന് യുഎസിൽ നടക്കുന്ന ഒരു സമ്മേളനത്തിൽ മസ്‌ക് പങ്കെടുക്കുന്നുണ്ട്. ഇവിടെ ടെസ്‌ലയുമായി ബന്ധപ്പെട്ട ഒരു ചോദ്യോത്തര വേളയിൽ അദ്ദേഹം പങ്കെടുക്കുന്നതായാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ താൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം എക്‌സിലൂടെ മസ്‌ക് അറിയിച്ചിരുന്നു. മസ്‌കിന്റെ ഇന്ത്യാ സന്ദർശനത്തിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ടെസ്‌ലയുടെ പ്രതിവർഷം അഞ്ച് ലക്ഷം ഇവി കാറുകൾ നിർമ്മിക്കുന്ന ടെസ്ലയുടെ പുതിയ കമ്പനി ഇന്ത്യയിൽ തുറക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ഇന്ത്യൻ ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകളുമായുള്ള കൂടിക്കാഴ്ചയും മസ്‌കിന്റെ ഇന്ത്യാ സന്ദർശന വേളയിൽ നടത്താൻ പദ്ധതി ഇട്ടിരുന്നു. ഇതിന് പുറമെ സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്, ധ്രുവ സ്‌പേസ്, പിയേഴ്‌സൈറ്റ്, ദിഗന്തര തുടങ്ങിയ കമ്പനികളേയും മസ്‌കുമായുള്ള ചർച്ചകൾക്കായി സർക്കാർ ക്ഷണിച്ചിരുന്നു.















