ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പിറന്ന സിനിമയാണ് വർഷങ്ങൾക്ക് ശേഷം. ഈ മാസം 11-ന് തിയേറ്ററിലെത്തിയ ചിത്രത്തെ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. വ്യത്യസ്ത വേഷവിധാനത്തിലെത്തുന്ന യുവതാരനിരയുടെ പ്രകടനങ്ങളാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ആദ്യ ദിനം മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഏഴ് ദിവസം കൊണ്ട് 56.52 കോടി സ്വന്തമാക്കി രണ്ടാം വരത്തിലേക്കുള്ള ജൈത്രയാത്ര തുടങ്ങുകയാണ് വർഷങ്ങൾക്ക് ശേഷം.
ബുക്ക് മൈ ഷോയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രണവ് മോഹൻലാലിനെയും ധ്യാൻ ശ്രീനിവാസനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിൽ വേറെയും യുവതാരങ്ങൾ പ്രധാനവേഷത്തിലെത്തുന്നുണ്ട്. നിവൻ പോളി, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. നിവിൻ പോളി എന്ന നടൻ യഥാർത്ഥ ജീവിതത്തിൽ നേരിട്ട സൈബർ ആക്രമണങ്ങളെ കുറിച്ചും ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നു.
മെറിലാൻഡ് സിനിമാസ് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ വേണു, മുരളി എന്ന രണ്ട് ആത്മാർത്ഥ സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഹൃദയത്തിന് ശേഷം പ്രണവും കല്യാണിയും വീണ്ടും ഒന്നിച്ച് അഭിനയിച്ച ചിത്രം കൂടിയാണ് വർഷങ്ങൾക്ക് ശേഷം. വിവിധ കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.















