സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിൽ കെഎസ്ഇബിക്ക് ആശങ്ക. വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനാൽ നിരത്തുകളിലോടുന്ന ഇലക്ട്രിക് വാഹനങ്ങൾ കെഎസ്ഇബിയുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുകയാണ്.
ഈ വർഷം മാത്രം 26,855 വൈദ്യുത വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2023ൽ ഇത് 75,790 ആയിരുന്നു. 2020-ൽ 1,366 വാഹനങ്ങൾ മാത്രമായി രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ 2021-ൽ ആയപ്പോൾ 8,734 ആയി. 2022-ൽ 39,618 വൈദ്യുത വാഹനങ്ങളും രജിസ്റ്റർ ചെയ്തു. ഈ അടുത്ത കാലത്താണ് ജനങ്ങൾ വൈദ്യുത വാ?ഹനങ്ങളെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വായുമലിനീകരണം തടയാൻ പ്രധാനമായും സഹായിക്കുന്ന ഒന്നാണ് നിരത്തുകളിലെ വൈദ്യുതി വാഹനങ്ങൾ. എന്നാൽ വൈദ്യുതി ക്ഷാമം നേരിടുന്ന കേരളത്തിൽ വൈദ്യുതി വാഹനങ്ങൾ പ്രചാരമേറുന്നത് കെഎസ്ഇബിക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മഴ ലഭിക്കാത്തതും കടുത്ത വേനലുമാണ് കെഎസ്ഇബിയെ ദുരിതത്തിലാക്കിയത്. വൈദ്യുതി ഉപഭോ?ഗം എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. ഈ സാഹചര്യത്തിൽ വൈദ്യുത വാഹനങ്ങൾ ഉപയോ?ഗിക്കുന്നവർ വാഹനം ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി പറയുന്നു.
ട്രാൻസ്‌ഫോർമറുകൾ അമിത ലോഡ് വഹിക്കുന്നതിലൂടെ ഫ്യൂസ് പോകുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങളാണ് നേരിടുന്നത്. 18 കിലോവാട്ട് ബാറ്ററി ശേഷിയുള്ള വാഹനം 100 ശതമാനം ചാർജ് ആകുന്നതിന് 18 യൂണിറ്റ് വൈദ്യുതി ആവശ്യമാണ്. ഇനി 24 കിലോ വാട്ട് വാഹനമാണെങ്കിൽ 24 യൂണിറ്റ് വൈദ്യുതി ആവശ്യമായി വരും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാൽ രാത്രി 12-ന് ശേഷമോ പകൽ സമയങ്ങളിലോ വാഹനങ്ങൾ ചാർജ് ചെയ്യണമെന്നാണ് കെഎസ്ഇബിയുടെ നിർദേശം.