ബെംഗളൂരു : നേഹ ഹിരേമത്തിന്റെ കൊലപാതകത്തിൽ മകന് കനത്ത ശിക്ഷ നൽകണമെന്ന് പ്രതി ഫയാസിന്റെ മാതാപിതാക്കൾ .ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമത്തിന്റെ മകൾ നേഹ (23) ഈ മാസം 18 നാണ് ബിവിബി കോളേജ് കാമ്പസിൽ കുത്തേറ്റ് മരിച്ചത് . പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരം തീർക്കാൻ അതേ കോളേജിലെ ബിസിഎ വിദ്യാർഥിയുമായ ഫയാസ് ഖോണ്ടുനായക്കാണ് നേഹയെ കുത്തി കൊലപ്പെടുത്തിയത് .
പിന്നാലെ തന്റെ മകൾ കൊല്ലപ്പെട്ടത് ലൗ ജിഹാദ് കാരണമാണെന്ന് കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്ത് പറഞ്ഞിരുന്നു . അതിനു പിന്നാലെയാണ് നേഹയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് ഫയാസിന്റെ മാതാവ് മുംതാസും , പിതാവ് ബാബാ സാഹെബ് സുബ്ഹാനിയും രംഗത്തെത്തിയത്.
‘ എന്റെ മകൻ ചെയ്ത തെറ്റിന് ഞാൻ കർണാടകയിലെ ജനങ്ങളോടും നേഹയുടെ കുടുംബത്തോടും ക്ഷമ ചോദിക്കുന്നു. നേഹയോടും കുടുംബത്തോടും ചെയ്ത കടുത്ത അനീതിയാണിത്. എന്റെ മകൻ ചെയ്തത് തികച്ചും തെറ്റാണ്, ഞങ്ങൾ ലജ്ജിച്ചു തല താഴ്‌ത്തുന്നു. അവൻ ചെയ്തത് വലിയ തെറ്റാണ്, രാജ്യത്തെ നിയമപ്രകാരം കർശനമായ ശിക്ഷ നൽകണം.‘ – മുംതാസ് പറഞ്ഞു.
മകന് ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്നും ഭാവിയിൽ ആരും ഇത്തരമൊരു ക്രൂരകൃത്യം ചെയ്യരുതെന്നുമാണ് ഫയാസിന്റെ പിതാവ് ബാബാ സാഹെബ് സുബ്ഹാനി പറഞ്ഞത് .
‘ ഞങ്ങൾ പെൺകുഞ്ഞുങ്ങളെ ആരാധിക്കുന്നു. പെൺകുട്ടികളെ ദേവതകളായി ആരാധിക്കുന്ന നാടാണ് നമ്മുടേത്, അനീതി കാണുമ്പോൾ ആളുകൾ പ്രതിഷേധിക്കുന്നു. അവരുടെ പോരാട്ടത്തിൽ അവർ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ ക്ഷമ ചോദിക്കുന്നു. ആരും ഒരു പെൺകുട്ടിയെയും ടാർഗെറ്റ് ചെയ്യരുത്. അവൾ എന്റെ മകളെപ്പോലെയായിരുന്നു. അവൾക്ക് സംഭവിച്ചത് നമ്മുടെ പെൺമക്കൾക്കും സംഭവിക്കാം. ‘ – എന്നും ബാബാ സാഹെബ് സുബ്ഹാനി പറഞ്ഞു.















