തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവം പൊലീസ് സേനയെ പൊതു സമൂഹത്തിൽ നാണം കെടുത്തിയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. പൂരത്തിനിടെ അനാവശ്യ ഇടപെടൽ പൊലീസ് നടത്തി. പൊലീസിനെതിരെ ജനരോക്ഷം ശക്തമാകാൻ ഇത് കാരണമായെന്നും ഇൻ്റലിജൻസ് ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് സംസ്ഥാന ഇൻ്റലിജൻസ് കൈമാറുകയും ചെയ്തു.
പൂരം നടത്തിപ്പിൽ വീഴ്ച വന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ കേരളാ പോലീസ് അതിരൂക്ഷ വിമർശനം നേരിടുന്ന സാഹചര്യത്തിൽ ചുമതലയിലുണ്ടായിരുന്ന കമ്മീഷണറെ മാറ്റിയേക്കും. തൃശൂർ പൊലീസ് കമ്മീഷണർ അങ്കിത് അശോകനെ മാറ്റാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം സർക്കാർ തുടർ നടപടികൾ സ്വീകരിച്ചേക്കും.
സർക്കാർ എന്തുകൊണ്ട് കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ഇന്റലിജൻസ് റിപ്പോർട്ട് എത്തുന്നത്. തൃശൂർ പൂരം അലങ്കോലമാക്കിയ കമ്മീഷണർക്കെതിരെ നടപടി വേണമെന്ന് കഴിഞ്ഞ ദിവസം മുതൽ ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കുടമാറ്റം തടസപ്പെടുത്താൻ ശ്രമിച്ചതിന് പൊലീസ് കമ്മീഷണറെ പ്രതിയാക്കി കേസെടുക്കണമെന്നും ആചാരങ്ങളിൽ ഇടപെടാൻ പൊലീസിന് അധികാരമില്ലെന്നും മുൻ ഡിജിപി ടി.പി സെൻകുമാറും പ്രതികരിച്ചു.
കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമക്കുട പോലീസ് തടയുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ശ്രീരാമന്റെ കുടകളുമായി എത്തിയവർ തേക്കേ ഗോപുരനട വഴി അകത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് പോലീസ് വഴി തടഞ്ഞത്. ഇവരോട് പോലീസ് ആക്രോശിക്കുകയും ചെയ്തിരുന്നു. കമ്മീഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇത്തരത്തിൽ പെരുമാറിയത്. പൂരം നടത്തിപ്പിൽ കൃത്യവിലോപം നടത്തിയ പോലീസിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്.