ബിപിഒ കമ്പനിയുടെ ടീം ലീഡറായ യുവതി ഹോട്ടലിൽ ജീവനൊടുക്കി. ഇൻഡോറിലെ വിജയ നഗറിലാണ് സംഭവം. പൂജ നല്ല(24) ആണ് മരിച്ചത്. സുഹൃത്തുക്കളെ കണ്ട ശേഷം അഹമ്മദാബാദിലേക്ക് പോകാനിരിക്കെയാണ് മരണം. ഇന്ന് രാവിലെയായിരുന്നു വിമാനത്തിന്റെ സമയം.ഹോട്ടൽ മുറിയുടെ ജനൽകമ്പിയിലാണ് ഇവർ തൂങ്ങിമരിച്ചത്.യുവതിയെ വിവാഹത്തിനായി വീട്ടുകാർ നിർബന്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കൂടാതെ കിഡ്നി സ്റ്റോണും ഇവരെ അലട്ടിയിരുന്നു.ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇൻഡോറിലെ കമ്പനിയിൽ ജോലി ചെയ്തിരുന്ന പൂജ അടുത്തിടെയാണ് അഹമ്മദാബാദിലെ കമ്പനിയിൽ ജോയിൻ ചെയ്തത്. ഇന്ന് രാവിലെ സുഹൃത്ത് ശ്വേത പൂജയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതോടെ ഹോട്ടലിലെത്തിയ ശ്വേത റിസപ്ഷനിൽ പൂജയുടെ വിവരങ്ങൾ തേടി. മുറിയിലെത്തി ഡോറിൽ തട്ടിവിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു. ഇതോടെ ഹോട്ടൽ അധികൃതരെ വിളിച്ചുവരുത്തി മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് പൂജയെ മരിച്ച നിലയിൽ കാണുന്നത്.