തിരുവനന്തപുരം: കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തുന്നത് പതിവാകുന്നു. . ബ്രീത്ത് അനലൈസർ പരിശോധനയിൽ 97 ജീവനക്കാരാണ് കുടുങ്ങിയത്. സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ എന്നിവരടക്കം ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനും 137 പേരെ പിടികൂടിയിട്ടുണ്ട്.
97 പേരെയാണ് സസ്പെൻഡ് ചെയ്തത്. സ്വിഫ്റ്റിലെ താത്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദലി ജീവനക്കാരും അടക്കം 40 പേരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. മദ്യപിച്ച് ജോലിക്കെത്തിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് നടപടി. പരിശോധന തുടരുമെന്നാണ് വിവരം.
കെഎസ്ആർടിസി വിജിലൻസ് വിഭാഗം കെഎസ്ആർടിസി ചീഫ് ഓഫീസ് ഉൾപ്പെടെ എല്ലാ യൂണിറ്റുകളിലും റീജിയണൽ വർക്ക് ഷോപ്പുകളിലുമാണ് പരിശോധന നടത്തിയത്. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് പരിശോധന നടക്കുന്നത്.















