ജഡ്ജിയായി ആൾമാറാട്ടം നടത്തി 2,000 തടവുകാരെ മോചിപ്പിച്ചു, 1,000ലധികം കാർ മോഷണക്കേസിൽ പ്രതി; ‘ഇന്ത്യൻ ചാൾസ് ശോഭരാജ്’ മരിച്ചു

Published by
Janam Web Desk

ന്യൂഡൽഹി: ജഡ്ജിയായി ആൾമാറാട്ടം നടത്തി ക്രിമിനലുകളെ വിട്ടയച്ച തട്ടിപ്പുകേസ് പ്രതി ധനിറാം മിത്തൽ മരിച്ചു. തട്ടിപ്പുകളുടെ എണ്ണത്തിലും തട്ടിപ്പ് നടത്തുന്നതിലുള്ള വൈദഗ്ധ്യവും കാരണം പോലീസ് രേഖകളിൽ ‘ഇന്ത്യൻ ചാൾസ് ശോഭരാജ്’ എന്നായിരുന്നു ധനിറാം അറിയപ്പെട്ടിരുന്നത്. 85-കാരനായ ധനിറാം ഹൃദയാഘാതത്തെ തുടർന്ന് ഏപ്രിൽ 18നാണ് മരിച്ചത്.

നിയമ ബിരുദധാരിയായ ധനിറാം ഇന്ത്യയിലെ തന്നെ വിവരവും വിദ്യാഭ്യാസവുമുള്ള കുറ്റവാളികളിൽ ഒരാളാണ്. കൂടാതെ ഒരു കയ്യെഴുത്ത് വിദഗ്ധനും ഗ്രാഫോളോജിസ്റ്റും കൂടിയാണ്. കഴിഞ്ഞ മാസം ഒരു കാര്‍ മോഷണവുമായി ബന്ധപ്പെട്ട് മിത്തല്‍ അറസ്റ്റിലായിരുന്നു. മോഷണം നടത്തുന്നതിൽ ധനിറാമിന് പ്രായം ഒരു തടസ്സമായിരുന്നില്ല. കാറുകളോട് വല്ലാത്തൊരു ഭ്രമമുണ്ടായിരുന്ന ധനിറാം ആയിരത്തോളം കാർ മോഷണ കേസുകളിലെ പ്രതിയാണ്. വിവിധ അഭിഭാഷകർക്കിടയിൽ ഗുമസ്തനായി ജോലിചെയ്ത ഇയാൾ തട്ടിപ്പിലൂടെത്തന്നെ സ്റ്റേഷൻ മാസ്റ്ററായി ആറുവർഷക്കാലം ജോലിനോക്കി. വ്യാജ ലൈസൻസുകൾ നിർമ്മിച്ച് വിൽക്കുകയും ചെയ്തു. ഈ കുറ്റകൃത്യങ്ങൾക്കെല്ലാം ധനിറാമിന് നീണ്ട ജയിൽ ശിക്ഷകൾ അനുഭവിക്കേണ്ടി വന്നിട്ടില്ല.

ജഡ്ജിയായി ആൾമാറാട്ടം നടത്തിയതാണ് ധനിറാമിന്റെ മറ്റൊരു വലിയ തട്ടിപ്പ്. ജജ്ജാര്‍ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയെ വ്യാജ ഉത്തരവുണ്ടാക്കി രണ്ടു മാസത്തെ നിര്‍ബന്ധിത അവധിക്ക് അയച്ചു. ശേഷം മിത്തല്‍ അവിടെ മജിസ്‌ട്രേറ്റായി. മജിസ്‌ട്രേറ്റായതിനു പിന്നാലെ 2000 ത്തോളം തടവുകാരെ മോചിപ്പിച്ചു. നീണ്ടകാലത്തെ തടവ് ശിക്ഷ അനുഭവിച്ചു വന്നിരുന്ന തടവുകാരെയായിരുന്നു വെറുതെ വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. മോഷണം. തട്ടിപ്പ്, വ്യാജരേഖ ചമയ്‌ക്കല്‍ തുടങ്ങി ആയിരത്തിന് മുകളില്‍ കേസുകളില്‍ മിത്തല്‍ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അവസാനമായി ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നപ്പോൾ തനിക്ക് ജയിൽവാസം മടുത്തുവെന്ന് ധനിറാം ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ അത് കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ തന്നെ ധനിറാം പക്ഷാഘാതം വന്നു കിടപ്പിലായി.

Share
Leave a Comment