പതിനേഴാം വിവാഹ വാർഷികം വിപുലമായി ആഘോഷിച്ച് ബോളിവുഡ് താര ജോഡികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മകൾ ആരാധ്യക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിവാഹ വാർഷിക വിവരം താരങ്ങൾ പങ്കുവച്ചത്. ഐശ്വര്യ റായിയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന നിരവധി ആരാധകരാണ് രംഗത്തെത്തിയത്.
സമൂഹമാദ്ധ്യമങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടിരുന്ന ദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരും പിരിയുന്നു എന്നതുൾപ്പെടെയുള്ള അഭ്യൂഹങ്ങളാണ് അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ ഇതിനെതിരെ ഇരുവരും പ്രതികരിച്ചിരുന്നില്ല. വിമർശനങ്ങൾ പരക്കുന്നതിനിടെയാണ് കുടുംബ ചിത്രം പങ്കുവച്ചുകൊണ്ട് താരങ്ങളെത്തിയത്. അഭിഷേക് ബച്ചനും ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

2000-ൽ പുറത്തിറങ്ങിയ ‘ധായ് അക്ഷര് പ്രേം കേ’ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. തുടർന്ന് 2006-ൽ ഇറങ്ങിയ ‘ഉംറാവു ജാൻ’ എന്ന ചിത്രത്തിലും ഇരുവരും നായികാനായകന്മാരായി അഭിനയിച്ചു. ഈ ചിത്രത്തിന് ശേഷമാണ് താരങ്ങൾ പ്രണയത്തിലായത്. 2007-ലായിരുന്നു ഇരുവരുടെയും വിവാഹം.
മണിരത്നത്തിന്റെ പൊന്നിയിൻ സെൽവത്തിലാണ് ഐശ്വര്യ റായ് അവസാനമായി അഭിനയിച്ചത്. 2023-ൽ പുറത്തിറങ്ങിയ ‘ഗൂമർ’ എന്ന ചിത്രമാണ് അഭിഷേക് ബച്ചൻ അവസാനം ചെയ്തത്.















