ബെർലിൻ: പ്രധാനമന്ത്രി മോദിയുടെ ‘400 പാർ’ ലക്ഷ്യത്തെ പിന്തുണച്ച് ‘ചായ് പേ ചർച്ച’ നടത്തി ജർമനിയിലെ ഇന്ത്യൻ സമൂഹം. ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി (OFBJP) ആണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 400 സീറ്റുകൾ എന്ന ലക്ഷ്യത്തെ പിന്തുണച്ച് പരിപാടി സംഘടിപ്പിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പരിപാടിയുടെ ഭാഗമായി മ്യൂണിച്ചിൽ ഒത്തുകൂടി. പരിപാടി വിജയം കണ്ടുവെന്ന് OFBJP ജർമനി കോ-കൺവീനർ സുനിൽ സിംഗ് പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെ കുറിച്ചും നവഭാരതം കെട്ടിപ്പടുക്കാനായി വരുന്ന 25 വർഷത്തേക്കുള്ള പദ്ധതികളെ കുറിച്ച് ഉൾക്കാഴ്ച നൽകാനും പരിപാടിക്കായെന്ന് അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്രമോദിക്കും ബിജെപിയുടെ വിജയത്തിനുമായി നൂറോളം വരുന്ന പ്രവർത്തകർ മ്യൂണിച്ചിലെ ശിവാലയം ക്ഷേത്രത്തിൽ ദർശനം നടത്തി പ്രത്യേക പൂജകൾ ചെയ്തു. ഏപ്രിൽ 28-ന് ഇന്ത്യൻ സമൂഹം കാർ റാലി സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തുടർന്ന് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി മെയ് 26-ന് വീണ്ടും ചായ് പേ ചർച്ച സംഘടിപ്പിക്കും. ഫോൺ-എ-ഫ്രണ്ട് എന്ന പേരിലുള്ള കാമ്പെയ്നും പുരോഗമിക്കുകയാണ്. ജർമനിയിലുള്ള ഇന്ത്യക്കാർ പ്രതിനിധികരിക്കുന്ന മണ്ഡലത്തിലെ വോട്ടർമാരെ ഫോണിൽ ബന്ധപ്പെട്ട് വോട്ട് തേടുന്നതാണ് കാമ്പെയ്ൻ.