ന്യൂഡൽഹി: പദ്മാ അവാർഡുകൾ രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് സമ്മാനിക്കും. ഡൽഹിയിലെ രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിലാണ് രാഷ്‌ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. മലയാളികളുൾപ്പെടെ 132 പേരാണ് രാജ്യത്തിന്റെ ആദരവ് ഏറ്റുവാങ്ങുന്നത്. മുൻ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവിനും ഭരതനാട്യം നർത്തകി ഡോ. പത്മ സുബ്രഹ്മണ്യത്തിനും പദ്മവിഭൂഷൺ സമ്മാനിക്കും.
മരണാനന്തര ബഹുമതിയായി സാമൂഹിക ശാസ്ത്രജ്ഞൻ ബിന്ദേശ്വർ പഥക്കിന് പദ്മവിഭൂഷൺ പുരസ്‌കാരം നൽകും. രാജ്യത്തെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് ഗവർണറുമായ ഫാത്തിമാ ബീവി, നടൻ മിഥുൻ ചക്രവർത്തി, ഗായിക ഉഷ ഉതുപ്പ്, ബിജെപി നേതാവ് ഒ രാജഗോപാൽ എന്നിവർക്ക് പദ്മഭൂഷൺ നൽകും.
ഡോ സീതാറാം ജിൻഡാൽ, ഹൃദ്രോഗ വിദഗ്ധൻ ഡോ. തേജസ് മധുസൂദൻ പട്ടേൽ, മുൻ ഉത്തർപ്രദേശ് ഗവർണർ രാം നായിക്, ചിത്രൻ നമ്പൂതിരിപ്പാട്, ഗുരു മുനി നാരായണ പ്രസാദ്, കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തിരുവിതാംകൂർ രാജകുടുംബം, കർഷകൻ സത്യനാരായണ ബെളേരി എന്നിവരും പദ്മ പുരസ്‌കാരം ഏറ്റുവാങ്ങും.
കല, സാമൂഹിക പ്രവർത്തനം, പൊതുകാര്യങ്ങൾ, ശാസ്ത്രം, വ്യാപാരം, വ്യവസായം, വൈദ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവിൽ സർവീസ് തുടങ്ങിയ വിവിധ മേഖലകളിൽ മികച്ച സേവനങ്ങൾ നടത്തുന്നവർക്കാണ് പദ്മാ പുരസ്കാരങ്ങൾ നൽകുന്നത്. എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്.















