ന്യൂഡൽഹി: അറസ്റ്റിലായി ഒമ്പത് വർഷത്തിന് ശേഷം അധോലോക നായകൻ ഛോട്ടാ രാജന്റെ ഫോട്ടോ പുറത്ത് വന്നു. തിഹാർ ജയിലിൽ കഴിയുന്ന രാജൻ കൊറോണ മഹാമാരിയുടെ സമയത്ത് മരിച്ചുവെന്ന കിംവദന്തികളും പ്രചരിച്ചിരുന്നു. 2015 ഒക്ടോബറിൽ ബാലി വിമാനത്താവളത്തിൽ വെച്ചാണ് ഛോട്ടാ രാജനെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസം ഇന്തോനേഷ്യയിലെ ജയിൽ പാർപ്പിച്ച ശേഷം ഇന്ത്യയ്‌ക്ക് കൈമാറുകയായിരുന്നു.
തിഹാർ ജയിലിലെ രണ്ടാം നമ്പർ അതീവ സുരക്ഷാ സെല്ലിലാണ് നിലവിൽ രാജനെ പാർപ്പിച്ചിരിക്കുന്നത്. എന്നാൽ ഫോട്ടോ പ്രചരിച്ചത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സംഭവം രഹസ്യാന്വേഷണ ഏജൻസികൾ കർശനമായി നിരീക്ഷിച്ച് വരികയാണ്. മുൻപ് ഛോട്ടാ രാജനെ ജയിലിൽ വച്ച് കൊല്ലുമെന്ന് ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും ഭീഷണിപ്പെടുത്തിയിരുന്നു.
2020 മെയ് മാസത്തിൽ തീഹാർ ജയിലിൽ ബലാത്സംഗ കേസിലെ പ്രതിക്ക് കൊറോണ വൈറസ് പിടിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബിഹാറിലെ ഗുണ്ടാ നേതാവ് ഷഹാബുദ്ദീൻ രോഗം ബാധിച്ച് മരിച്ചിരുന്നു. ഇതോടെയാണ് രാജനും കൊറോണ മൂലം മരണപ്പെട്ടെന്ന ഊഹാപോഹങ്ങൾ പ്രചരിച്ചത്.
90 കളിൽ ഡി-കമ്പനിയുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് രാജനായിരുന്നു. 1993ലെ സ്‌ഫോടനത്തിന് ശേഷമാണ് രാജനും ദാവൂദും വേർപിരിഞ്ഞത്.പിന്നീട് മുംബൈ സാക്ഷ്യം വഹിച്ചത് ക്രിമിനൽ സംഘങ്ങളുടെ കുടിപ്പകയ്‌ക്കായിരുന്നു.















