റായ്പൂർ: ഛത്തീസ്ഗഡിൽ ബിജെപി അധികാരത്തിൽ ഏറിയതോടെയാണ് മാറ്റങ്ങൾ ഉണ്ടായതെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ സംസ്ഥാനത്ത് വേണ്ടി ഒന്നും ചെയ്തിട്ടില്ല. കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് തുടങ്ങിയത് ബിജെപി അധികാരത്തിലേറിയതോടെയാണെന്നും അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നിന്നും തീവ്രവാദം അവസാനിപ്പിച്ചു. കമ്യൂണിസ്റ്റ് ഭീകരരെയും ഉടൻ തുടച്ചു നീക്കും. ഛത്തീസ്ഗഡിലെ മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ സംസ്ഥാനത്തിന് വേണ്ടി എന്താണ് ചെയ്തതെന്ന് അമിത് ഷാ ചോദിച്ചു. കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി നേതാവ് വിഷ്ണു ദേവ് സായ് മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ മാറ്റങ്ങൾ വന്നു. നാല് മാസത്തിനുള്ളിൽ 90 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. 250 പേർ കൂടി കീഴടങ്ങി, ഛത്തീസ്ഗഡിൽ നിന്ന് നക്‌സലിസം പൂർണ്ണമായും തുടച്ചുനീക്കുമെന്നും അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിൽ ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ സുരക്ഷാ സേന 29 കമ്യൂണിസ്റ്റ് ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ഭീകരർക്കെതിരെ നടത്തിയ ഏറ്റവും വലിയ ഏറ്റുമുട്ടൽ ആയിരുന്നു ഇത്. സംഭവത്തിൽ വൻ ആയുധ ശേഖരവും പിടിച്ചെടുത്തിരുന്നു.















