തൃശൂർ: മാപ്രാണത്ത് ബാങ്ക് ജീവനക്കാരെ ലോക്കർ റൂമിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തി. വൈകിട്ട് 6 മണിയോടെയാണ് സംഭവം. മാപ്രാണം സെന്ററിൽ ബസ് സ്റ്റോപ്പിന് സമീപം പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിനുള്ളിലാണ് അസാധാരണമായ സംഭവം നടന്നത്.
ബാങ്കിലെ ജീവനക്കാരായ മൂന്ന് സ്ത്രീകൾ ലോക്കർ റൂമിനുള്ളിൽ ഛർദ്ദിച്ച് ബോധരഹിതരായി കിടക്കുന്നത് കണ്ടതിന് പിന്നാലെ സഹ ജീവനക്കാരന്റെയും ബോധം പോവുകയായിരുന്നു. ചേർപ്പ് സ്വദേശി ഇമ ജേക്കബ്, ഇരിങ്ങാലക്കുട സ്വദേശി ലോന്റി പി എൽ, പത്തനംതിട്ട സ്വദേശി സ്റ്റെഫി, അസിസ്റ്റൻ്റ് മാനേജർ പുത്തൻച്ചിറ സ്വദേശി ഡിൻ്റോ എന്നിവരാണ് ബോധരഹിതരായത്. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
മേഖലയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയിരുന്നു. ബാങ്കിനകത്ത് സ്ഥാപിച്ചിരിക്കുന്ന ജനറേറ്റർ റൂമിന്റെ ജനലുകൾ അടച്ചിട്ട നിലയിലാണ് കിടന്നിരുന്നത്. കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം ബാങ്കിനകത്തുണ്ടാവുകയും ഇതാകാം ബോധം പോകാൻ കാരണമായതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.