ന്യൂഡൽഹി: രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഏഴ് ദിവസത്തേക്ക് നീട്ടി. ഈ മാസം 29 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടർന്ന് എൻഐഎ കോടതിയിൽ ഹാജരാക്കി. പ്രതികളിലൊരാളായ ഹുസൈനാണ് കഫേയിൽ ബോംബ് വച്ചതെന്നും മതീൻ താഹയാണ് സ്‌ഫോടനത്തിന് നേതൃത്വം നൽകിയതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
രണ്ട് പേരും 2020-ലെ ഭീകരവാദ കേസിലെ പ്രതിയാണ്. പശ്ചിമ ബംഗാൾ, തെലങ്കാന, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെയും പൊലീസിന്റെ സഹകരണത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ നടന്നതെന്ന് എൻഐഎ വ്യക്തമാക്കി.
ഈ മാസം 12-നാണ് കേസിലെ മുഖ്യ സൂത്രധാരന്മാരായ മുസാവിർ ഹുസൈൻ, അബ്ദുൾ മതീൻ എന്നിവരെ കൊൽക്കത്തയിലെ ഒളിസങ്കേതത്തിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തത്. ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ ഒളിവിൽ കഴിയുന്ന സ്ഥലത്ത് പരിശോധന നടത്താൻ എൻഐഎ സംഘമെത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
രാമേശ്വരം കഫേ സ്ഫോടന കേസിൽ ഇതുവരെ നാല് പ്രതികളെയാണ് അന്വേഷണ സംഘം പിടികൂടിയത്. മസ് മുനീർ, മുസമ്മിൽ ഫരീഫ് എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. ശിവമോഗ സ്‌ഫോടന കേസിലെയും മംഗളൂരു ചുവരെഴുത്ത് കേസിലെയും പ്രതിയാണ് ആദ്യം അറസ്റ്റിലായ മസ് മുനീറെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.