ബെംഗളൂരു: പാമ്പുകളെ കടത്താൻ ശ്രമിച്ച വിമാന യാത്രക്കാരൻ പിടിയിൽ. ചെക്ക്-ഇൻ ബാഗേജിൽ പത്ത് അനകോണ്ടകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് അറസ്റ്റിലായത്. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.
ബാങ്കോക്കിൽ നിന്ന് എത്തിയതായിരുന്നു യുവാവ്. ബെംഗളൂരുവിലെത്തിയ ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. വന്യജീവി കടത്ത് ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് എക്സിൽ കുറിച്ചു.
‘യെല്ലോ അനകോണ്ട’കളെ കടത്താനായിരുന്നു യുവാവ് ശ്രമിച്ചത്. ജലാശയങ്ങൾക്ക് സമീപം സാധാരണയായി കാണപ്പെടുന്ന അനകോണ്ടകളാണിത്. പരഗ്വായ്, ബ്രസീൽ, ബോളീവിയ, നോർത്തേൺ അർജന്റീന, നോർത്തേൺ ഉറുഗ്വായ് എന്നിവിടങ്ങളിലെ നദീതടങ്ങളിൽ ഇവയെ കണ്ടുവരുന്നു. ഭാരതത്തിലെ നിയമങ്ങളനുസരിച്ച് വന്യജീവികളെ വിൽക്കുന്നതും കടത്തുന്നതും ശിക്ഷാർഹമായ കുറ്റമാണ്.
കഴിഞ്ഞ വർഷം ബെംഗളൂരു വിമാനത്താവളത്തിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കങ്കാരുക്കുഞ്ഞിനെ ഉൾപ്പെടെ 234 വന്യജീവികളെ കടത്താൻ ശ്രമിച്ച യുവാവിനെ കസ്റ്റംസ് പിടികൂടി. ബാങ്കോക്കിൽ നിന്നായിരുന്നു ഇയാൾ എത്തിയത്. ചെറിയ പ്ലാസ്റ്റിക് ബോക്സിൽ വച്ച് കടത്താൻ ശ്രമിച്ചതിനാൽ കങ്കാരുക്കുഞ്ഞ് ശ്വാസം ലഭിക്കാതെ ചത്തുപോയിരുന്നു.