കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ മോഷണം നടത്തിയ ബീഹാർ സ്വദേശി മുഹമ്മദ് ഇർഫാനെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി. മോഷണത്തിന് പ്രാദേശികമായി സഹായം ലഭിച്ചോ എന്നും ജോഷിയുടെ വീട്ടിലെ ആഭരണങ്ങളെ കുറിച്ച് അറിവ് ലഭിച്ചിരുന്നോ എന്നും അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. 6 സംസ്ഥാനങ്ങളിലായി 19 മോഷണ കേസുകളിൽ പ്രതിയാണ് പിടിയിലായ മുഹമ്മദ് ഇർഫാൻ.
ഭീമ ജുവല്ലറി ഉടമയുടെ തിരുവന്തപുരത്തെ വീട്ടിൽ നടത്തിയ മോഷണത്തിലടക്കം പ്രതിയാണ് മുഹമ്മദ് ഇർഫാൻ. ബിഹാറിലെ സീതാ മർസി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവാണ് മുഹമ്മദ് ഇർഫാൻ. ജോഷിയുടെ വീട്ടിൽ നടത്തിയ മോഷണത്തിന് ശേഷം കാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന ബോർഡ് വച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. എന്നാൽ 16 മണിക്കൂറിനുള്ളിൽ കർണാടകയിലെ ഉഡുപ്പിയിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
കർണാടക സിറ്റി പൊലീസ് കമ്മീഷണർ രമൺ ഗുപ്തയുടെ സഹായം പ്രതിയെ പിടികൂടുന്നതിൽ നിർണായകമായെന്ന് കൊച്ചി സിറ്റ് പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഇന്ന് രാവിലെ കൊച്ചിയിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി. മൂന്ന് ദിവസത്തേക്കാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടത്.