സാങ്കേതിക പ്രശ്‌നം പരിഹരിച്ചതിന് ശേഷം വോയേജർ-1ൽ നിന്നും ആദ്യ സന്ദേശം ലഭിച്ചു. അഞ്ച് മാസത്തിന് ശേഷമാണ് നാസയുടെ ഭൂമിയിലേക്ക് സന്ദേശം അയയ്‌ക്കുന്നത്. നാസയുടെ ഏറ്റവും ദൂരെയുള്ള മനുഷ്യനിർമ്മിത ബഹിരാകാശ പേടകമാണ് വോയേജർ-1. വോയേജറിലെ എൻജിനീയറിംഗ് സംവിധാനങ്ങളുടെ നിലവിലെ സ്ഥിതിയെക്കുറിച്ചാണ് പേടകത്തിൽ നിന്നും വിവരം ലഭിച്ചതെന്ന് നാസ വ്യക്തമാക്കി.
അഞ്ച് മാസമായി ശാസ്ത്രീയ വിവരങ്ങൾ ഒന്നും വോയേജർ 1 ൽ നിന്ന് ലഭിച്ചിരുന്നില്ല. കഴിഞ്ഞ നവംബറിന് ശേഷമാണ് വീണ്ടും സിഗ്‌നൽ ലഭിക്കുന്നത്. ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനിലുള്ളവർക്ക് മനസിലാക്കാനാകും വിധത്തിലാണ് വിവരങ്ങൾ ലഭ്യമായത്.
വോയേജർ-1ൽ നിന്നും അവസാന സന്ദേശം ലഭിച്ചത് നവംബർ 14-നായിരുന്നു. എന്നാൽ കമാൻഡുകൾ സ്വീകരിച്ച് ബഹിരാകാശ പേടകം സാധാരണ രീതിയിൽ തുടർന്നിരുന്നു. മാർച്ചോടെ ഫൈ്‌ളറ്റ് ഡാറ്റാ സബ്‌സിസ്റ്റമെന്ന വോയേജറിന്റെ മൂന്ന് ഓൺബോർഡ് കമ്പ്യൂട്ടറുകളിൽ ഒന്നിലും പ്രശ്‌നം കണ്ടെത്തി. പൂജ്യവും ഒന്നും ഉൾപ്പെടുന്ന കോഡ് കമ്പ്യൂട്ടർ ഭാഷയിലാണ് വോയേജർ-1 ഭൂമിയുമായി സംവദിക്കുന്നത്.















