ചണ്ഡീഗഢ്: നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാതന വിഗ്രഹങ്ങൾ കണ്ടെടുത്തു. വിഷ്ണു ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും മൂന്ന് വെങ്കല പ്രതിമകളാണ് കണ്ടെത്തിയത്. ഇവയ്‌ക്ക് 400 വർഷങ്ങൾ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ.
ഹരിയാനയിലെ മനേസറിലെ ബഗാങ്കി ഗ്രാമത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെയാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ഒരു പ്രതിമ വിഷ്ണുവിന്റെയും മറ്റൊന്ന് ലക്ഷ്മി ദേവിയുടെതുമാണ്. മൂന്നാമത്തെ പ്രതിമ രണ്ട് ദേവതകളും ഒരുമിച്ചുള്ളതാണ്.
പ്രതിമകളുടെ കൃത്യമായ പഴക്കം നിർണയിക്കുന്നതിന് ഇവ പഠന വിധേയമാക്കുമെന്ന് ഹരിയാനയിലെ പുരാവസ്തു വകുപ്പ് വ്യക്തമാക്കി. വിഗ്രഹങ്ങൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.