ന്യൂഡൽഹി: 13 വയസിൽ താഴെയുള്ള കുട്ടികൾക്ക് വിമാനയാത്രയിൽ രക്ഷിതാക്കളുടെ അടുത്തിരുന്ന് യാത്ര ചെയ്യാനാകുംവിധം സീറ്റ് ഉറപ്പാക്കണമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാനക്കമ്പനികൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി.
ഒരേ പിഎൻആർ നമ്പറിൽ യാത്ര ചെയ്യുന്ന, 12 വയസ് വരെയുള്ള കുട്ടിയെ ഒപ്പമുള്ള ഒരു രക്ഷിതാവിന്റെയെങ്കിലും അടുത്തിരിക്കാൻ സൗകര്യം നൽകണം. ഇവരുടെ യാത്രാ വിവരങ്ങൾ സൂക്ഷിക്കാനും ഡിജിസിഎ നിർദേശിച്ചിട്ടുണ്ട്.
വെബ് ചെക്കിൻ ചെയ്യുന്ന സമയത്ത് വിമാനക്കമ്പനികൾ ഓരോ സീറ്റിനും പ്രത്യേകം നിരക്ക് ഈടാക്കുന്നതിൽ ആശങ്കയറിയിച്ച് ഉപഭോക്തൃകാര്യ സെക്രട്ടറിക്ക് കഴിഞ്ഞവർഷം പരാതി ലഭിച്ചിരുന്നു. ഇത് നീതിയുക്തമല്ലാത്ത വ്യാപാരരീതിക്ക് കാരണമാകുമെന്നായിരുന്നു പരാതി.
നേരത്തെ മുൻഗണനാടിസ്ഥാനത്തിൽ സീറ്റ് ബുക്ക് ചെയ്യുന്നതിനും ഭക്ഷണത്തിനും മറ്റ് പ്രത്യേകം നിരക്കുകൾ ഈടാക്കാൻ കമ്പനികൾക്ക് കഴിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾ രക്ഷിതാക്കളിൽ നിന്നകന്ന് ഒറ്റയ്‌ക്കിരുന്ന് യാത്ര ചെയ്യുന്ന സാഹര്യങ്ങൾ ആവർത്തിക്കുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിർദ്ദേശങ്ങൾ.















