51-ന്റെ നിറവിൽ ക്രിക്കറ്റ് ലോകത്തിന്റെ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഓരോ ഇന്ത്യക്കാരന്റെയും വികാരമാണ് സച്ചിൻ ടെണ്ടുൽക്കർ. ഇന്ത്യൻ ക്രിക്കറ്റ് ലോകം എക്കാലവും അദ്ദേഹത്തിനൊടാപ്പം നിലകൊണ്ടു. വേദനകളിൽ അദ്ദേഹത്തോടൊപ്പം തേങ്ങി..നേട്ടങ്ങളിൽ ഒന്നിച്ച് ആറാടി. ഒടുവിൽ ഏറ്റവുമധികം റണ്ണുകളുടെയും സെഞ്ചുറികളുടെയും റെക്കോർഡുകൾ സ്വന്തമാക്കി സച്ചിൻ വിടവാങ്ങിയപ്പോൾ രാജ്യമൊന്നടങ്കം തേങ്ങി.
1973 ഏപ്രിൽ 24-ന് മറാത്തി കവി രമേഷ് ടെണ്ടുൽക്കറുടെയും രജനി ടെണ്ടുൽക്കറുടെയും നാലാമത്തെ മകനായി മുംബൈയിലാണ് സച്ചിന്റെ ജനനം. 16-ാം വയസിലാണ് സച്ചിന്റെ ക്രിക്കറ്റ് പ്രയാണം ആരംഭിക്കുന്നത്. 1989 നവബംർ 15-ന് കറാച്ചിയിൽ പാകിസ്താനെതിരെയാണ് തന്റെ അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തുന്നത്. അന്നത്തെ അതികായകൻമാർക്കിടയിൽ സച്ചിനെന്ന ചെറുപ്പക്കാരൻ ബാറ്റുമേന്തി നിൽക്കുമ്പോൾ ലോകം പ്രതീക്ഷിച്ചുകാണില്ല അതൊരു ബാറ്റിങ് ഇതിഹാസത്തിന്റെ കരിയറിന്റെ തുടക്കമാണെന്ന്.
ക്രിക്കറ്റ് പോലെ ദിവസം മുഴുവൻ കളിക്കളത്തിൽ നിൽക്കേണ്ട, അത്രയും ശാരീരിക ക്ഷമതയും മന സാന്നിധ്യവും ആവശ്യപ്പെടുന്ന സ്‌പോർട്‌സിൽ 24 വർഷത്തോളം നിലകൊള്ളാൻ സച്ചിനല്ലാതെ മറ്റാർക്ക് സാധിക്കും. 200 ടെസ്റ്റ് മത്സരങ്ങൾ, 53.78 ശരാശരിയിൽ 15921 റൺസും 46 വിക്കറ്റും. ഇതിൽ 51 സെഞ്ച്വറിയും 68 അർധ സെഞ്ച്വറിയും. 463 ഏകദിനത്തിൽ നിന്ന് 44.83 ശരാശരിയിൽ 49 സെഞ്ച്വറിയും 96 അർധ സെഞ്ച്വറിയും ഉൾപ്പെടെ 18426 റൺസും 154 വിക്കറ്റും.
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ. 2012 മാർച്ച് 16-ന് ധാക്കയിലെ മിർപ്പൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിൻ തന്റെ നൂറാം ശതകം തികച്ചത്. നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള കളിക്കാരനാണ് ഇദ്ദേഹം. 2011- ൽ സച്ചിൻ ലോക കപ്പിൽ രണ്ടായിരം റൺസെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി. 463 ഏകദിന മത്സരങ്ങളിലായി 18426 റൺസ് ഇദ്ദേഹം നേടിയിട്ടുണ്ട്.
17,000 റൺസ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിൻ. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡും സച്ചിന്റെ പേരിലാണ് .2009 നവംബർ 5ന് ഹൈദരാബാദിൽ വെച്ച് നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മത്സരത്തിൽ, 17000 റൺസ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന ബഹുമതിയും സച്ചിൻ നേടി.
ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണ് സച്ചിൻ. രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതി വിശ്വനാഥൻ ആനന്ദിനൊപ്പം 2008-ൽ സച്ചിൻ നേടുകയുണ്ടായി.
ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരിൽ ഒരാളും, പരസ്യം വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ക്രിക്കറ്റ് കളിക്കാരിൽ ഒരാളും സച്ചിനാണ്. ക്രിക്കറ്റിന് പുറമേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ റെസ്റ്റോറന്റുകളും സച്ചിൻ നടത്തുന്നുണ്ട്. നിലവിൽ ഇന്ത്യൻ പാർലമെന്റിൽ രാജ്യസഭാംഗവുമാണ് സച്ചിൻ. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സജീവ കായിക താരമാണ് അദ്ദേഹം.
രമാകാന്ത് അച്ഛരേക്കർ എന്ന പരിശീലകനാണ് സച്ചിനിലെ ക്രിക്കറ്റ് താരത്തിന്റെ സൃഷ്ടാവ്. പേസ് ബൗളറാകാൻ ആഗ്രഹിച്ച് എംആർഎഫ് പേസ് ഫൗണ്ടേഷനിൽ ഡെന്നിസ് ലില്ലിക്ക് കീഴിൽ പരിശീലിക്കാൻ പോയ സച്ചിനിലെ ബാറ്റിങ് പ്രതിഭയെ ആദ്യം തിരിച്ചറിഞ്ഞത് രമാകാന്തായിരുന്നു. സച്ചിന്റെ കരിയറിനായി തന്റെ ക്രിക്കറ്റ് ജീവിതം ത്വജിച്ച് കൂടെനിന്ന ജ്യേഷ്ഠ സഹോദരനായ അജിത് ടെണ്ടുൽക്കറിനും ക്രിക്കറ്റ് ലോകം നന്ദി പറയുന്നു.
ഭാരതീയന് അഭിമാനിക്കാൻ അത്രയേറെ അവസരങ്ങൾ സച്ചിൻ നൽകിയിട്ടുണ്ട്. 2012 ഡിസംബർ 23-നായിരുന്നു സച്ചിൻ അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. എതിരാളികൾ പോലും സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സച്ചിൻ തന്റെ സൗമ്യ സ്വഭാവം കൊണ്ടാണ് മറ്റാരെക്കാളും ആരാധകർക്ക് പ്രിയങ്കരനാവുന്നത്. ക്രിക്കറ്റിൽ സച്ചിൻ വെട്ടിത്തുറന്നു നൽകിയ പാതയിലൂടെയാണ് യുവതാരങ്ങൾ മുന്നോട്ട് നടന്നത്. പകരം വെക്കാനില്ലാത്ത വിസ്മയമായി ഇന്ത്യയുടെ അഭിമാന താരകമായി ലോകത്തിന്റെ നെറുകയിൽ സച്ചിനെന്ന പ്രതിഭാസം തലയുയർത്തിത്തന്നെ നിലകൊള്ളും.















