ടെന്നസി: അദ്ധ്യാപകരെ സ്കൂളിൽ കൈത്തോക്കുകൾ കൊണ്ടുപോകാൻ അനുവദിച്ചുകൊണ്ടുള്ള ബില്ല് പാസാക്കി അമേരിക്കൻ സംസ്ഥാനമായ ടെന്നസി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ടെന്നസി പാർലമെൻറിൽ 68 വോട്ടുകൾക്കാണ് ബില്ല് പാസായത്. ഇനി മുതൽ അദ്ധ്യാപകർക്ക് ഉറകളിൽ ഒളിപ്പിച്ച കൈത്തോക്കുകൾ സ്കൂളിൽ കൊണ്ടുപോകാം.
പുതിയ നിയമപ്രകാരം സ്കൂളുകളിൽ തോക്ക് കൈവശം വയ്‌ക്കുന്നവർ സ്കൂൾ പൊലീസിങിൽ കുറഞ്ഞത് 40 മണിക്കൂർ പരിശീലനം പൂർത്തിയാക്കണം. പരിശീലനത്തിന്റെയും തോക്കുകളുടെയും ചിലവ് ഇവർ തന്നെ വഹിക്കണം. തോക്ക് കൈവശം വയ്‌ക്കുന്ന അദ്ധ്യാപകരുടെയോ അനദ്ധ്യാപകരുടെയോ പേരുവിവരങ്ങൾ പരസ്യപ്പെടുത്തില്ല. എന്നാൽ സ്കൂൾ പ്രിൻസിപ്പലിൽ നിന്നുമുള്ള അനുവാദം ഇവർ വാങ്ങിയിരിക്കണം. കൂടാതെ പ്രാദേശിക നിയമപാലകരും തോക്കു കൈവശം വയ്‌ക്കുന്നവരുടെ വ്യക്തിവിവരങ്ങൾ അറിഞ്ഞിരിക്കണം.
കഴിഞ്ഞ വർഷം ടെന്നസിയിലെ നാഷ്‌വില്ലേ സ്കൂളിൽ മൂന്ന് കുട്ടികളുടെയും മൂന്ന് അദ്ധ്യാപകരുടെയും മരണത്തിനിടയാക്കിയ വെടിവയ്പ്പ് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. കഴിഞ്ഞ 25 വർഷത്തിനിടെ യുഎസിൽ നടന്ന സ്കൂൾ വെടിവയ്പ്പ് സംഭവങ്ങൾക്കുള്ള പരിഹാരമെന്ന നിലയിലാണ് പുതിയ ബില്ലിന്റെ അവതരണം. തോക്കുകൾ കൈവശമുണ്ടെങ്കിൽ അദ്ധ്യാപകർക്ക് അക്രമികളെ തടയാൻ സാധിക്കുമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടി വക്താക്കൾ പറയുന്നത്. എന്നാൽ സ്‌കൂളിലേക്ക് തോക്കുകളുമായി ചെല്ലുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നാണ് മറുവാദം.















