ന്യൂഡൽഹി: കുറഞ്ഞ തുകയ്‌ക്ക് മികച്ച ഭക്ഷണം വിതരണം ചെയ്യാൻ റെയിൽവേ. ഐആർസിടിസിയുമായി കൈകോർത്താണ് യാത്രക്കാർക്ക് ഗുണമേന്മയുള്ള ആഹാരം നൽകാനൊരുങ്ങുന്നത്. ജനറൽ കോച്ചിൽ യാത്ര ചെയ്യുന്നവർക്ക് വേണ്ടിയാണ് പുത്തൻ പദ്ധതി.
രണ്ട് തരം ഭക്ഷണങ്ങളാണ് റെയിൽവേ വിൽക്കുക. 20 രൂപ രൂപ വിലയുള്ള എക്കണോമി മീൽസും 50 രൂപയ്‌ക്ക് ലഘുഭക്ഷണവും ലഭിക്കും. സൗത്ത് സെൻട്രൽ റെയിൽവേയിലെ 12 സ്റ്റേഷനുകൾ ഉൾപ്പെടെ 100-ലധികം സ്റ്റേഷനുകളിലും 150-ഓളം കൗണ്ടറുകളിലും തുടക്കത്തിൽ മീൽസ് ലഭ്യമാകും.
സെൻട്രൽ റെയിൽവേയ്‌ക്ക് കീഴിൽ ഇഗത്പുരി, കർജത്, മൻമാഡ്, ഖണ്ട്വ, ബദ്‌നേര, ഷെഗാവ്, പൂനെ, മിറാജ്, ദൗണ്ട്, സായ്നഗർ ഷിർദി, നാഗ്പൂർ, വാർധ, സോലാപൂർ, വാദി കുർദുവാദി എന്നീ സ്റ്റേഷനുകളിലാകും കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ആഹാരം ലഭിക്കുക.
കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ 51 സ്റ്റേഷനുകളിൽ ഈ സേവനം നടപ്പാക്കിയിരുന്നു. പദ്ധതി വമ്പൻ വിജയമായതിന് പിന്നാലെയാണ് റെയിൽവേ പദ്ധതി വിപുലീകരിച്ചത്. ഇപ്പോൾ 100-ലധികം സ്റ്റേഷനുകളിൽ 150-ഓളം കൗണ്ടറുകൾ പ്രവർത്തിക്കുന്നു. സമീപ ഭാവിയിൽ വിപുലീകരിക്കാൻ പദ്ധതിയിടുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.















