തിരുവനന്തപുരം: ഭാരതസംസ്‌കാരം പരിരക്ഷിക്കുന്നവർ അധികാരത്തിലേറണമെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. ശിവഗിരി മഠത്തിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ നിരവധി സഹായങ്ങൾ ചെയ്തിട്ടുണ്ടെന്നും തെരഞ്ഞടുപ്പിൽ ആർക്കും പിന്തുണ പ്രഖ്യാപിക്കുന്നില്ലെന്നും പറഞ്ഞതിൽ നിലപാട് വ്യക്തമാണെന്നും സ്വാമി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
ശിവഗിരി മഠത്തിന് രാഷ്‌ട്രീയ നിലപാടുകളില്ല. എങ്കിൽ തന്നെയും ഭാരതം ലോകത്തിലെ ഏറ്റവും വലിയ ശ്രദ്ധേയമായിട്ടുള്ള രാഷ്‌ട്രമാണ്. ലോകം ഭാരതത്തിലേക്ക് ഉറ്റുനോക്കുന്നു. ഭാരതത്തിന് മഹത്തായ സംസ്‌കാരമുണ്ട്. അത് എല്ലാ രാജ്യങ്ങളെയും സ്‌നേഹിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന, എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്ന സംസ്‌കാരമാണത്. ആ ഒരു സംസ്‌കാരം പരിരക്ഷിക്കുന്നവർ ജയിച്ചുവരേണ്ടത് കാലഘട്ടത്തിന് ആവശ്യമാണ്. ഇതെന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. 69 കോടി രൂപയാണ് ശിവഗിരി ടൂറിസം പാക്കേജിനായി കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.















