ഈ വർഷത്തെ സർപ്രൈസ് ഹിറ്റുകളിൽ ഒന്നായിരുന്നു തേജ സജ്ജ നായകാനായെത്തിയ ‘ഹനുമാൻ’. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ പ്രശാന്ത് വർമ്മ. ഹനുമാൻ ജയന്തി ദിനമായ ഏപ്രിൽ 23-നായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. പ്രശാന്ത് വർമ്മ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പങ്കുവച്ചത്.
പോസ്റ്ററിൽ ഗദയുമായി നിൽക്കുന്ന ഹനുമാനെയും തീ തുപ്പുന്ന ഡ്രാഗനെയും കാണാം. ജയ് ഹനുമാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 3ഡി ഐമാക്സിലാണ് എത്തുന്നത്. പ്രശാന്ത് വർമ്മ സിനിമാറ്റിക്സിലെ രണ്ടാമത്തെ ചിത്രമാണ് ജയ് ഹനുമാൻ. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പ്രശാന്ത് വർമ്മ പുറത്ത് വിട്ടിട്ടില്ല. തേജ സജ്ജ തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്.
പുരാണ കഥകളുമായി കോർത്തിണക്കിയാണ് ജയ് ഹനുമാന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ അണിയറയിൽ ഒരുങ്ങുകയാണ്. ഇന്ത്യൻ സിനിമയിൽ ആദ്യമായി ഡ്രാഗൺ അവതരിപ്പിക്കാനൊരുങ്ങുകയാണ് സംവിധായകൻ.
2024 ജനുവരി 12-നാണ് ഹനുമാൻ തിയേറ്ററിലെത്തിയത്. തേജ സജ്ജയ്‌ക്ക് പുറമെ അമൃത അയ്യർ, വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയിരുന്നു. ഭഗവാൻ ഹനുമാന്റെ ശക്തി ലഭിച്ച് സാങ്കൽപ്പിക ലോകമായ അഞ്ജനാദരിയെ രക്ഷിക്കുന്ന യുവാവിന്റെ കഥയായിരുന്നു ചിത്രം.















