40 ദിവസം നീണ്ടുനിന്ന പ്രചാരണങ്ങൾക്കൊടുവിൽ കേരളം നാളെ വിധിയെഴുതുകയാണ്. രാഷ്‌ട്രീയ മുന്നണികളും സ്ഥാനാർത്ഥികളും തങ്ങളുടെ പ്രചരാണങ്ങൾ മികവുറ്റ തരത്തിൽ പൂർത്തിയാക്കി. ഇനി പൗരന്മാരുടെ കയ്യിലാണ് ആയുധം… അത് നാളെ പ്രയോഗിക്കും. സമ്മതി ദാനാവകാശം വിനിയോഗിക്കാൻ നാളെ പോളിംഗ് സ്റ്റേഷിനിലെത്തുമ്പോൾ എപ്രകാരമാകും നടപടിക്രമങ്ങൾ എന്ന് ആശങ്കപ്പെടുന്നവരാകും മിക്കവരും. എന്നാൽ സധൈര്യം വോട്ട് രേഖപ്പെടുത്താം, പോളിംഗ് ബൂത്തിലെ നടപടിക്രമങ്ങൾ അറിഞ്ഞ്..
രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടിംഗ്. സംസ്ഥാനത്താകെ 25,231 പോളിംഗ് ബൂത്തുകളിലായി 2.77 കോടി വോട്ടർമാരാകും സമ്മതിദാനാവകാശം വിനിയോഗിക്കുക.
പോളിംഗ് സ്റ്റേഷനിലെത്തിയാൽ ക്യൂ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകൾ, പുരുഷന്മാർ, ദിവ്യാംഗർ/ മുതിർന്നവർ എന്നിങ്ങനെ മൂന്ന് തരം ക്യൂ ആണുള്ളത്.
സുരക്ഷാ ഉദ്യോഗസ്ഥരാകും വോട്ടർമാരെ കടത്തി വിടുന്നത്. ബൂത്തിനകത്ത് ഒരേസമയം 3-4 പേരെ മാത്രമേ പ്രവേശിപ്പിക്കൂ. മുതിർന്ന പൗരന്മാർക്കും ഗർഭിണികൾക്കും കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകൾക്കും മുൻഗണന. ശാരീരിക അവശതയുള്ളവർക്കും വീൽ ചെയറിൽ എത്തുന്നവർക്കും റാംപ് വഴി ബൂത്തിലേക്ക് പ്രവേശിക്കാം.
ഒന്നാം ഘട്ടം
- ഫസ്റ്റ് പോളിംഗ് ഓഫീസറുടെ മുന്നിലാകും ആദ്യമെത്തുക. വോട്ടറുടെ തിരിച്ചറിയൽ കാർഡും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തുക.
- തുടർന്ന് ക്രമനമ്പറും പേരും ഉറക്കെ വിളിച്ച് പറയും. ഈ സമയം പോളിംഗ് ഏജന്റുമാർ അവരുടെ പക്കലുള്ള പട്ടിക പരിശോധിച്ച് ശരിയായ വോട്ടറാണെന്ന് ഉറപ്പുവരുത്തുന്നു.
രണ്ടാം ഘട്ടം
- വോട്ടർ സെക്കൻഡ് ഓഫീസറുടെ അടുത്തെത്തുമ്പോൾ ഇടത് കയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നു. തുടർന്ന് 17എ ഫോം എന്ന വോട്ടർമാരുടെ രജിസ്റ്ററിൽ വോട്ടറുടെ ക്രമനമ്പർ എഴുതും. ഒപ്പം വോട്ടർ തിരിച്ചറിയൽ കാർഡ് ആണെങ്കിൽ EP എന്ന് ഇംഗ്ലീഷും മറ്റ് കാർഡുകളാണെങ്കിൽ അതിന്റെ പേരും അതിന്റെ പേരും അതിലെ അവസാന നാലക്ക നമ്പറും എഴുതും.
- തുടർന്ന് വോട്ടറെ കൊണ്ട് രജിസ്റ്ററിൽ ഒപ്പ് വെപ്പിക്കും. പിന്നാലെ വോട്ടേഴ്സ് സ്ലിപ്പ് നൽകും.
മൂന്നാം ഘട്ടം
- വോട്ടിംഗ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിന്റെ ചുമതലയുള്ള തേർഡ് പോളിംഗ് ഓഫീസറുടെ മുന്നിലേക്കാണ് ഈ ഘട്ടത്തിലെത്തുന്നത്. കൈവിരലിലെ മഷി പരിശോധിച്ച ശേഷം യൂണിറ്റിലെ BALLOT ബട്ടൺ അമർത്തും. ഇതോടെ കൺട്രോൾ യൂണിറ്റിലെ Busy എന്നും രേഖപ്പെടുത്തിയ ലൈറ്റ് ചുവപ്പ് നിറമാകും. ഈ സമയം ബാലറ്റ് യൂണിറ്റിലെ Ready എന്ന് എഴുതിയിരിക്കുന്ന ഭാഗത്തെ ലൈറ്റ് പച്ച നിറത്തിൽ പ്രകാശിക്കും.
നാലാം ഘട്ടം
- വോട്ടർ കൗണ്ടറിൽ പ്രവേശിച്ച് താൻ തെരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും ഫോട്ടോയും രേഖപ്പെടുത്തിയിരിക്കുന്നതിന് നേരെയുള്ള നീല ബട്ടൺ അമർത്തുന്നു.
- ഈ സമയം Ready ലൈറ്റ് അണയും. സ്ഥാനാർത്ഥിയുടെ പേരിന് സമീപത്തെ നീല ബട്ടണ് അരികിലുള്ള ലൈറ്റ് ചുവപ്പ് നിറത്തിൽ പ്രകാശിക്കും.
- വോട്ട് രേഖപ്പെടുത്തിയ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും സീരിയൽ നമ്പറും രേഖപ്പെടുത്തിയ പ്രിന്റ് വിവിപാറ്റ് യന്ത്രത്തിൽ നിന്ന് പുറത്തുവരികയും ഏഴ് സെക്കൻഡ് സമയം വിൻഡോയിലൂടെ ദൃശ്യമാവുകയും ചെയ്യും.
- ഈ സമയം കൺട്രോൾ യൂണിറ്റിൽ നിന്ന് ബീപ് ശബ്ദം കേൾക്കുന്നതോടെ വോട്ട് രേഖപ്പെടുത്തിയതായി മനസിലാക്കാം.
- ഏതാനും സെക്കൻഡുകൾക്ക് ശേഷം ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥിയുടെ ബട്ടന് നേരെയുള്ള ചുവപ്പ് ലൈറ്റും കൺട്രോൾ യൂണിറ്റിലെ Busy ലൈറ്റും അണയും. ബീപ് ശബ്ദം നിലയ്‌ക്കും. നടപടിക്രമങ്ങൾ ഇതോടെ പൂർത്തിയാകും.