ന്യൂഡൽഹി: തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്‌ക്ക് സമൻസ് അയച്ച് മഹാരാഷ്‌ട്ര സൈബർ സെൽ. മഹാദേവ് ഓൺലൈൻ ഗെയിമിംഗ് ആൻഡ് ബെറ്റിങ് ആപ്ലിക്കേഷന്റെ അനുബന്ധ സ്ഥാപനമായ ഫെയർപ്ലേ ആപ്പിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 2023 എഡിഷൻ നിയമവിരുദ്ധമായി സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് സമൻസ് അയച്ചിരിക്കുന്നത്.
സമൻസിൽ ഏപ്രിൽ 29 ന് ഹാജരാകാനാണ് നിർദ്ദേശം. ‘ബാഹുബലി’ ഉൾപ്പെടെയുള്ള ബിഗ്‌ബഡ്ജറ്റ് ചിത്രങ്ങളിലൂടെ പ്രശസ്തയായ തമന്ന ബോളിവുഡിലെയും ശ്രദ്ധേയ സാന്നിധ്യമാണ്. നേരത്തെ ഇതേ കേസിൽ ബോളിവുഡ് റാപ്പറും ഗായകനുമായ ബാദ്ഷായെ ചോദ്യം ചെയ്തിരുന്നു. നടൻ സഞ്ജയ് ദത്തിനും ഈ ആഴ്ച സമൻസ് അയച്ചിരുന്നു, എന്നാൽ അദ്ദേഹം സൈബർ സെല്ലിന് മുന്നിൽ ഹാജരാകാൻ സമയം തേടുകയായിരുന്നു. ഇവരെല്ലാം സംപ്രേഷണാവകാശം ഇല്ലാതിരുന്നിട്ടും ഐപിഎൽ കാണാൻ ഫെയർപ്ലേ ആപ്പ് പ്രമോട്ട് ചെയ്തിരുന്നു. ഇത് ഔദ്യോഗിക സംപ്രേഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.
ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നതിനായി ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്സ് (ഐപിആർ) കൈവശമുള്ള വയാകോം18 ന്റെ പരാതിയെത്തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ബെറ്റിങ് ആപ്പായ ഫെയർപ്ലേ നിയമവിരുദ്ധമായി അവരുടെ പ്ലാറ്റ്‌ഫോമിലൂടെ ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തുവെന്നും ഇത് വയാകോം18 ന് 100 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയതായും പരാതിയിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ബോളിവുഡിലെ ബാദ്ഷാ, സഞ്ജയ് ദത്ത്, ജാക്വലിൻ ഫെർണാണ്ടസ് തുടങ്ങി നിരവധി താരങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. 2023 ഡിസംബറിൽ ബെറ്റിങ് ആപ്പിലെ ഒരു ജീവനക്കാരനെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.