മനില: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഉയർന്ന ചൂട് തുടരുന്ന ഫിലിപ്പീൻസിൽ ഇതേവരെ അത്യുഷ്ണം കാരണം ആറ് മരണങ്ങൾ രേഖപ്പെടുത്തി . ഇത് കൂടാതെ കടുത്ത സൂര്യാഘാതവുമായി ബന്ധപ്പെട്ട 34 കേസുകൾ ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ 34 കേസുകളിൽ ആറെണ്ണം മരണത്തിലേക്ക് നയിച്ചു, മരണത്തിന്റെ യഥാർത്ഥ കാരണങ്ങൾ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് സർക്കാർ പറയുന്നത് .
അതേസമയം, ഫിലിപ്പൈൻ അറ്റ്‌മോസ്ഫെറിക്, ജിയോഫിസിക്കൽ, ആസ്ട്രോണമിക്കൽ സർവീസസ് അഡ്മിനിസ്‌ട്രേഷൻ (പഗാസ) മെട്രോ മനിലയിലെ ചൂട് 42 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും രാജ്യത്തെ 25 പ്രദേശങ്ങളിലെങ്കിലും “അപകട” നില അനുഭവപ്പെടുമെന്നും അറിയിച്ചു. 42 ഡിഗ്രി സെൽഷ്യസിനും 51 ഡിഗ്രി സെൽഷ്യസിനും ഇടയിലേക്ക് ചൂട് വർദ്ധിക്കും എന്നാണ് കണക്കാക്കുന്നത്.
ചൂട് അസഹനീയമായതിനെ തുടർന്ന് സ്‌കൂളുകൾ പോലും തുറക്കാനാകാത്ത നിലയിലാണ് ഫിലിപ്പീൻസ്. രാജ്യത്തെ ഉയർന്ന ചൂട് കണക്കിലെടുത്ത് വീടിന് പുറത്ത് ഇറങ്ങുന്നതിനും സമയകമ്രീകരണങ്ങൾ നൽകിയിട്ടുണ്ട്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ സാധാരണ ഫിലീപ്പിൻസിൽ ചൂട് കൂടുതലാണ്. എന്നാൽ, ഇത്തവണ ജനങ്ങൾക്ക് സഹിക്കാനാകാത്ത ചൂടായതിനാലാണ് സർക്കാർ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
നിലവിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില 48 ഡിഗ്രിയാണ്. ഫിലിപ്പീൻസിലെ അപാരി എന്ന സ്ഥലത്താണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. തലസ്ഥാനമായ മനിലയിൽ താപനില ഉയർന്നതിനെ തുടർന്ന് 400 ഓളം സ്കൂളുകൾക്ക് ഓൺലൈൻ ക്ലാസുകൾ ക്രമീകരിച്ചിരിക്കുകയാണ്. മനിലയിൽ ബുധനാഴ്ച 44 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്.