മോഹൻലാലിന്റെ ‘ജവാൻ’ ഡാൻസ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ദി കംപ്ലീറ്റ് ആക്ടർ എന്ന വിശേഷണമുള്ള മോഹൻലാലിന്റെ ഡാൻസിന് ഷാരൂഖ് ഖാൻ എക്‌സിൽ നൽകിയ മറുപടിയായുരുന്നു ഏറെ ശ്രദ്ധയാകർഷിച്ചത്. സൂപ്പർ ഡാൻസാണെന്നും ഇതിന്റെ പകുതിയെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നുമായിരുന്നു ഷാരൂഖ് എക്‌സിൽ കുറിച്ചത്. എന്നാൽ പിന്നാലെ ഹരീഷ് പേരടി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. മോഹൻലാലിന് ആരെയും ഒന്നിനെയും പേടിയില്ല. ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണനായ കലാകാരനാക്കുന്നത്. അതുകൊണ്ട് തന്നെ അയാളിൽ നിന്ന് അത്ഭുതങ്ങൾ എപ്പോഴും പ്രതീക്ഷിക്കാമെന്നാണ് ഹരീഷ് പറയുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം;
എന്റെ ഷാരൂഖാൻ സാർ..നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന് തോന്നുന്നു…ജീവിതത്തിൽ മൂപ്പര് ഒരു ആട്ടിൻകുട്ടിയെപോലെ നടക്കും..ആരുപറഞ്ഞാലും അനുസരിക്കും..പക്ഷെ ക്യാമറയും സ്റ്റേജും കണ്ടാൽ പിന്നെ പൂലിയാണ്..ഡാൻസും സിനിമയും മാത്രമല്ല…രണ്ട് മണിക്കൂറിൽ അധികമുള്ള കാവാലം സാറിന്റെ സംസ്‌കൃത നാടകം നിന്ന നിൽപ്പിൽ ഒരു അക്ഷരം തെറ്റാതെ ലൈവായി കളിച്ചിട്ടുണ്ട് ഈ മനുഷ്യൻ…
ഇത്രയൊക്കെ കഴിഞ്ഞാലും ഒരു എക്‌സ്പീരിയൻസുമില്ലാത്ത ഒരു അഭിനേതാവ് മൂപ്പരെ മുന്നിൽ വന്ന് നിന്നാൽ അയാളോട് നിങ്ങളാണ് വലിയവൻ എനിക്കൊന്നുമറിയില്ലാ എന്ന് രീതിയിൽ പെരുമാറി അയാളെ പ്രോൽസാഹിപ്പിക്കും..ഞാൻ അറിഞ്ഞ ലാലേട്ടനെ കുറിച്ച് ഒരു സത്യം നിങ്ങളോട് തുറന്ന് പറയട്ടെ…മൂപ്പർക്ക് ആരെയും ഒന്നിനെയും പേടിയില്ല…ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണനായ കലാകാരനാക്കുന്നത്…അതുകൊണ്ട്തന്നെ അയാളിൽ നിന്ന് അത്ഭുതങ്ങൾ എപ്പോഴും പ്രതീക്ഷിക്കാം..വാഴ്‌ത്തുക്കൾ ലാലേട്ടാ..