ആലപ്പുഴ: തനിക്കെതിരെ വ്യാജ ആരോപണം നടത്തുന്ന ദല്ലാൾ നന്ദകുമാറിനെതിരെ പരാതി നൽകിയെന്ന് ശോഭാ സുരേന്ദ്രൻ. ഡിജിപിക്കാണ് തെളിവുകൾ സഹിതം പരാതി നൽകിയിരിക്കുന്നത്. കേരളത്തിൽ സ്ത്രീകൾക്ക് നേരെ സൈബർ ആക്രമണമുണ്ടായാൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തരത്തിൽ തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്ന നന്ദകുമാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. സ്ത്രീയെന്ന നിലയിൽ തന്നെ അപമാനിക്കാനാണ് നന്ദകുമാർ ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ആലപ്പുഴയിൽ സിപിഎം സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേയ്‌ക്ക് പോകുമെന്ന് ഉറപ്പായപ്പോൾ നടത്തുന്ന വ്യാജപ്രചാരണങ്ങളാണ് ഇത്. ഇതൊന്നും കണ്ട് പേടിച്ച് പിന്മാറുന്നയാളല്ല താൻ. ആലപ്പുഴയിൽ ശോഭ സുരേന്ദ്രനും കെസി വേണുഗോപാലും തമ്മിലാണ് മത്സരം. മണ്ഡലത്തിൽ താൻ ജയിക്കുമെന്നാണ് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടെന്നും അവർ കൂട്ടിച്ചേർത്തു.
ദല്ലാൾ നന്ദകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കഴിഞ്ഞ ദിവസവും ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. തെളിവുകൾ സഹിതമായിരുന്നു നന്ദകുമാറിന്റെ ആരോപണങ്ങളെ ശോഭാ സുരേന്ദ്രൻ നേരിട്ടത്.















