ലക്നൗ: കോൺഗ്രസിനെയും സമാജ്വാദി പാർട്ടിയേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീരാമചന്ദ്രനെക്കാൾ വലിയവരെന്നാണ് ഇവർ കരുതുന്നതെന്നും വോട്ട് മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വിമർശിച്ചു. ഉത്തർപ്രദേശിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” അഹംഭാവം തലയ്ക്ക് പിടിച്ചവരാണ് കോൺഗ്രസിലും സമാജ്വാദി പാർട്ടിയിലുമുള്ളത്. ഭഗവാൻ ശ്രീരാമനെക്കാൾ വലിയവരെന്നാണ് ഇവരുടെ വിചാരം. ഇരു പാർട്ടിയിലെ നേതാക്കൾക്കും പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ അത് നിക്ഷേധിച്ചവരാണ് ഇവർ. പ്രാണപ്രതിഷ്ഠാ ചടങ്ങിനെത്തിയാൽ ഇവരുടെ വോട്ടുകൾ കുറയുമോ എന്ന ഭയമാണ് നേതാക്കളെ ചടങ്ങിൽ നിന്ന് വിലക്കിയത്. വോട്ട് ബാങ്ക് മാത്രമാണ് ഇൻഡി സഖ്യത്തിന്റെ ലക്ഷ്യം.”- പ്രധാനമന്ത്രി പറഞ്ഞു.
ഇൻഡി സഖ്യം പ്രീണനത്തിനായി ഏതറ്റം വരെയും പോകുന്നതാണ്. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്ത് ആനുകൂല്യങ്ങൾ വോട്ട് ബാങ്കിന് മാത്രം നൽകാനാണ് അവർ പദ്ധതിയിടുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു. ഇൻഡി സഖ്യത്തിന്റെ പ്രീണനം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ സമ്മതിക്കില്ലെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഇൻഡി സഖ്യത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പിന്തിരിപ്പൻ ചിന്താഗതികളിൽ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ളതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.