ആരോഗ്യകാര്യത്തിൽ വളരെയേറെ ശ്രദ്ധിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ചില മിഥ്യാധാരണകളും കെട്ടുക്കഥകളും പല സംശയങ്ങൾക്കും വഴിവയ്‌ക്കാറുമുണ്ട്. അനാവശ്യ പരിഭ്രാന്തിയിലേക്കും സമ്മർദ്ദത്തിലേക്കും നയിക്കുകയും ചെയ്യുന്നു.
പലപ്പോഴും സുഹൃത്തുക്കളോ വെബ്സൈറ്റുകളോ അറിവില്ലാതെ പറയുന്നവരൊക്കെയാകും ഇത്തരത്തിൽ പൊള്ളയായ അറിവുകൾ നമുക്ക് പകർന്ന് നൽകുന്നത്. അത്തരം ചില മിഥ്യധാരണകളും അവയുടെ ശാസ്ത്രീയ തെളിവുകളും ഇതാ..
1. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും
ഭക്ഷണം കഴിക്കുന്ന സമയമല്ല മറിച്ച്, കഴിക്കുന്ന ആഹാരത്തിലൂടെ ലഭിക്കുന്ന കലോറിയാണ് ശരീരഭാരത്തെ നിർണയിക്കുന്നത്. ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെയും ദഹനത്തെയും തടസപ്പെടുത്തുമെന്നത് വസ്തുതയാണ്. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ആഹാരം കഴിക്കേണ്ടതാണ്.
2. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കണം
എല്ലാവരും ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കണം എന്നത് മിഥ്യാധരണയാണ്. കാലാവസ്ഥ, വിയർപ്പ് , ഗർഭധാരണം അല്ലെങ്കിൽ മുലയൂട്ടൽ, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരാൾ കുടിക്കേണ്ട വെള്ളത്തിന്റെ യഥാർത്ഥ അളവ് വ്യത്യാസപ്പെടുന്നു. മിതശീതോഷ്ണ കാലാവസ്ഥയിൽ ജീവിക്കുന്ന മുതിർന്നയാൾ പ്രതിദിനം 92-124 ഔൺസ് (2-3 ലിറ്റർ) വെള്ളം കുടിക്കണമെന്ന് യുഎസ് നാഷണൽ അക്കാദമിസ് ഓഫ് സയൻസസ്, എഞ്ചിനീയറിംഗ്, മെഡിസിൻ ശുപാർശ ചെയ്യുന്നു.
3. മങ്ങിയ വെളിച്ചത്തിൽ വായിക്കുന്നത് കണ്ണുകൾക്ക് ദോഷം ചെയ്യും
ഇതും മറ്റൊരു മിഥ്യാധാരണയാണ്. കണ്ണിന് വേദന, ചുവപ്പ്, തലവേദന തുടങ്ങിയ താൽക്കാലിക അസ്വസ്ഥതകളിലേക്ക് ഇത് നയിക്കാം. എന്നാൽ അനിശ്ചിത കാലത്തെ അസ്വസ്ഥകളിലേക്ക് ഇത് നയിക്കുന്നില്ല.
4. ഇരുണ്ട ചർമ്മമുള്ളവർക്ക് ത്വക്ക് കാൻസർ വരില്ല
ചർമത്തിന്റെ നിറവും കാൻസർ സാധ്യതയുമായി ബന്ധമില്ലെന്നതാണ് സത്യാവസ്ഥ. തവിട്ട്, കറുപ്പ് നിറമുള്ള ചർമ്മമുള്ളവർ ഉൾപ്പെടെ എല്ലാ ചർമ്മ നിറങ്ങളിലുമുള്ള ആളുകൾ സ്കിൻ ക്യാൻസർ വരാനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരുണ്ട ചർമ്മമുള്ള ആളുകളിൽ സ്കിൻ ക്യാൻസർ സാധ്യത കുറവാണ്.
5. അമിതമായി പഞ്ചസാര കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകും
പഞ്ചസാരയുടെ അമിത ഉപഭോഗം നേരിട്ട് പ്രമേഹത്തിന് കാരണമാകുമെന്നത് പൊതുവായ തെറ്റിദ്ധാരണയാണ്. പ്രമേഹം പലതരത്തിലാണ്. ടൈപ്പ് 1 ജീവിത ശൈലി ഘടകങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നതല്ല. എന്നാൽ ടൈപ്പ് 2 പ്രമേഹം പലപ്പോഴും ഭക്ഷണക്രമം ഉൾപ്പെടെയുള്ള ജീവിതശൈലി ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ പഞ്ചസാര മാത്രമല്ല ഇതിന് പിന്നിലെ കാരണം.
6. കാരറ്റ് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു
കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് കാരറ്റ് ഗുണം ചെയ്യുമെങ്കിലും നേരിട്ട് കാഴ്ചശക്തി വർദ്ധിപ്പിക്കാനോ കാഴ്ച വൈകല്യങ്ങളെ സുഖപ്പെടുത്താനോ ഇതിന് കഴിയാറില്ല.
കാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇതാണ് വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നത്. ആരോഗ്യകരമായ കാഴ്ച നിലനിർത്താൻ വിറ്റാമിൻ എ നിർണായകമാണ്. ഇത് കാരറ്റിലൂടെ ലഭിക്കുന്നു.
7. തണുത്ത കാലാവസ്ഥ രോഗം വരുത്തുന്നു
രോഗാണുക്കളാണ് രോഗിയാക്കുന്നത്. തണുത്ത കാലാവസ്ഥ നേരിട്ട് രോഗത്തിന് കാരണമാകില്ല. പക്ഷേ പരോക്ഷമായി രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കും.















