ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗിലും ഇന്റർനെറ്റിൽ വോട്ടവകാശത്തിന്റെ ഓർമ്മപ്പെടുത്തലുമായി ഗൂഗിൾ ഡൂഡിൽ. ഗൂഗിൾ ലോഗോയ്‌ക്കൊപ്പം ചൂണ്ടുവിരലിൽ മഷി പതിഞ്ഞ നിലയിലുളള ഡിസൈനിലാണ് ഡൂഡിൽ ഒരുക്കിയിരിക്കുന്നത്. ഒന്നാംഘട്ട പോളിംഗ് സമയത്തും ഗൂഗിൾ ഈ ഡൂഡിൽ പരസ്യപ്പെടുത്തിയിരുന്നു.
ഡൂഡിലിൽ ക്ലിക്ക് ചെയ്താൽ രണ്ടാംഘട്ട പോളിംഗുമായി ബന്ധപ്പെട്ട വാർത്തകളിലേക്കാണ് എത്തുക. ഏറ്റവും പുതിയ പോളിംഗ് വാർത്തകൾ മുതൽ വോട്ടർമാർക്കുളള മാർഗനിർദ്ദേശങ്ങൾ വരെ ഈ പേജിൽ ഉണ്ട്.
വോട്ട് എങ്ങനെ രേഖപ്പെടുത്താമെന്നും പോളിംഗ് തീയതികളും വോട്ടർ രജിസ്‌ട്രേഷനും ഉൾപ്പെടെയുളള വിവരങ്ങളും പ്രത്യേകം സെഷനുകളാക്കി ഡൂഡിൽ പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2024 ഇന്ത്യ ഇലക്ഷൻസ് എന്ന തലക്കെട്ടിലാണ് ഇവ ദൃശ്യമാകുക.
കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 89 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വിശേഷ ദിവസങ്ങളിലും അവധി ദിനങ്ങളിലും പ്രമുഖരുടെ ജൻമദിനങ്ങളിലുമൊക്കെ ഗൂഗിൾ ഡൂഡിൽ പുറത്തിറക്കാറുണ്ട്. ഇന്റർനെറ്റ് ഉപയോക്താക്കളെ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.















