കൊൽക്കത്ത: വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരാണ് തൃണമൂൽ കോൺഗ്രസെന്ന് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വികസനത്തിന് തടയിടാനാണ് മമതയും രാഹുലും ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിലെ മാൾഡ ജില്ലയിലെ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ശാസ്ത്രത്തിലും വികസനത്തിലും തത്വശാസ്ത്രങ്ങളിലും ബംഗാൾ, രാജ്യത്തിന്റെ വികസനത്തിന്റെയും പുരോഗതിയുടെയും ഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ഇടത് മുന്നണിയും തൃണമൂൽ കോൺഗ്രസും ബംഗാളിനെ ഇരുട്ടിലേക്ക് തള്ളിവിടുകയാണ്. രാജ്യം മുന്നേറുമ്പോൾ ബംഗാൾ മാത്രം പിന്നിലേക്ക് നടക്കുന്നു. തൃണമൂൽ കോൺഗ്രസ് ഇഞ്ചിഞ്ചായി ബംഗാളിനെ നശിപ്പിക്കാനുള്ള ശ്രമത്തിലാണ്.”- പ്രധാനമന്ത്രി പറഞ്ഞു.
ബംഗാളിലെ ജനങ്ങളെ ടിഎംസി കൊള്ളയടിക്കുകയാണ്. കൈക്കൂലിയാണ് ഇവിടെ പ്രധാനം. അധികൃതർക്ക് പണം നൽകാതെ ഒരു ഇഷ്ടിക പോലും പാവപ്പെട്ടവന് വയ്‌ക്കാൻ ബംഗാളിൽ സാധാിക്കാതെ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കർഷകരെ പോലും തൃണമൂൽ കോൺഗ്രസ് കൊള്ളയടിക്കുന്നു. 26,000 കുടുംബങ്ങളിലെ യുവാക്കളാണ് തൊഴിൽ രഹിതരായി ബംഗാളിൽ ജീവിക്കുന്നത്. ജനങ്ങളെ സേവിക്കുന്നതിനെക്കാൾ ടിഎംസിയും കോൺഗ്രസും ലക്ഷ്യം വയ്‌ക്കുന്നത് വോട്ട് ബാങ്കാണെന്നും പ്രധാനമന്ത്രി തുറന്നടിച്ചു.















