ആലപ്പുഴ: തനിക്കെതിരെ കേസു കൊടുക്കുമെന്ന് പറഞ്ഞ ഇ.പി ജയരാജൻ ദല്ലാൾ നന്ദകുമാറിനെതിരെ കേസുകൊടുക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയും എംവി ഗോവിന്ദനും ഇയാൾ ഫ്രോഡാണെന്ന് പറഞ്ഞിരുന്നു. എന്നിട്ടും പരാതി കൊടുക്കാൻ തയ്യാറാക്കാത്ത ജയരാജന്റെ നിലപാടിൽ ജനങ്ങൾക്ക് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാപിയുടെ കൂടെ ശിവൻ നടന്നാൽ ശിവനും പാപിയാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിലെ ഏത് പാപിയുടെ കൈയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പിടിക്കാത്തതെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. കരിമണൽ കർത്ത, സ്വർണക്കടത്തിന് നേതൃത്വം കൊടുക്കുന്ന ക്രിമിനലുകൾ, വി,എസ് അച്യുതാനന്ദൻ വെറുക്കപ്പെട്ടവനെന്ന് വിളിച്ച ഫാരിസ് അബുബക്കർ എന്നിവരുടെ കൈപിടിച്ച വ്യക്തിയാണ് മുഖ്യമന്ത്രി. സർവ്വത്ര പാപികളുടെയും കൈ പിടിച്ച മുഖ്യമന്ത്രി കുടുംബാധിപത്യത്തിന് വേണ്ടി പ്രസ്ഥാനത്തെ മാറ്റി മറിച്ചതിന് ശേഷം കേരളത്തിലെ ജനങ്ങളെ പൗരബോധം പഠിപ്പിക്കരുതെന്നും അവർ പറഞ്ഞു.
ജയരാജൻ മാത്രമല്ല, മുതിർന്ന നേതാക്കളും സാധാരണ പ്രവർത്തകരും മുഖ്യമന്ത്രിയുടെ സ്വജന പക്ഷപാതത്തിലും അഴിമതിയിലും പ്രതിഷേധിച്ചാണ് ബിജെപിയുമായി ചർച്ചയ്‌ക്ക് വന്നത്. എന്നാൽ ജയരാജനെപ്പോലും പിണറായി ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. തങ്ങളെയും കോട്ടേഷൻ കൊടുത്ത് ഇല്ലാതാക്കുമെന്ന ഭയമുള്ളതുകൊണ്ടാണ് സാധാരണക്കാരനായ പ്രവർത്തകർ ശ്വാസംമുട്ടി ആ പ്രസ്ഥാനത്തിൽ നിൽക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ആലപ്പുഴയിൽ കരിമണൽ കർത്തയും കെസി വേണുഗോപാലും പിണറായി വിജയന്റെ മകളും ആരിഫും ഉൾപ്പെടെയുള്ളവരുടെ ഒരു മുക്കോട്ട് മുന്നണിയാണ് എൻഡിഎയുടെ സ്ഥാനാർത്ഥിക്ക് എതിരായി മത്സര രംഗത്ത് നിൽക്കുന്നത്. കരിമണൽ കർത്തയുടെയും കെസി വേണുഗോപാലിന്റെയും കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി മുമ്പാകെ ചില രേഖകൾ എത്തിയിട്ടുണ്ട്. ആ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി അമിത് ഷാ അനധികൃത കരിമണൽ ഖനനം നടത്തിയവർക്കതെിരെ നടപടിയുണ്ടാകുമെന്ന് പറഞ്ഞത്. സെക്രട്ടറിയേറ്റിൽ നിന്ന് പാപികളുടെ കൈ ശുദ്ധമാക്കാനാണ് ഫയൽ മാറ്റിയതെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.