ന്യൂഡൽഹി: യശ്വന്ത്പൂർ-കണ്ണൂർ എക്‌സ്‌പ്രസ് ട്രെയിൻ ഇടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. മാറത്തഹള്ളി അണ്ടർബ്രിഡ്ജിന് സമീപം കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം നടന്നത്. ആന്ധ്രാപ്രദേശ് സ്വദേശികളായ ശശികുമാർ (20), ബാലസുബ്രഹ്മണ്യം (21), ലോകേഷ് (20) എന്നിവരാണ് മരിച്ചത്. മാറത്തഹള്ളിയിലാണ് യുവാക്കൾ താമസിച്ചിരുന്നത്.
ക്യാബ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ലോകേഷ്. വിദ്യാർത്ഥിയാണ് ബാലസുബ്രഹ്മണ്യം. നഗരത്തിലേക്ക് ജോലി തേടി വന്നതായിരുന്നു ശശികുമാർ. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയോ റോഡ് മുറിച്ചുകടന്ന് മരത്തഹള്ളി അണ്ടർബ്രിഡ്ജിന് സമീപമുള്ള റോഡിലേക്ക് പ്രവേശിക്കുമ്പോഴോ ആകാം അപകടം നടത്തതെന്ന് പൊലീസ് പറഞ്ഞു.
യശ്വന്ത്പൂർ-കണ്ണൂർ എക്‌സ്‌പ്രസിന്റെ ലോക്കോ പൈലറ്റാണ് വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചത്. രാത്രി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. രാവിലെ റെയിൽവേ ഉദ്യോഗസ്ഥരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.