തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകരോട് രോഷാകുലനായി മുഖ്യമന്ത്രി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ചത്. ഇ പി ജയരാജൻ -ജാവദേക്കർ വിഷയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവെ ആണ് സംസ്ഥാന സർക്കാരിന്റെ ഭരണവുമായി ബന്ധപ്പെട്ട ചോദ്യം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയത്. ഇ പി ജയരാജൻ
പ്രകാശ് ജാവദേക്കറുമായി ബിജെപിയിലേക്കുള്ള വരവിനെ പറ്റി ചർച്ച ചെയ്തിരുന്നുവെന്ന് സ്ഥിരീകരണമുണ്ടായിരുന്നു. ഇതിൽ ഇ പി ജയരാജനെ ന്യായീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് സംസാരിച്ചത്. ഇതിനിടിയാൽ ലോക്സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യം ഒരു മാദ്ധ്യമ പ്രവർത്തകൻ ഉന്നയിച്ചു. ഇതിൽ വളരെ പെട്ടന്ന് തന്നെ മുഖ്യമന്ത്രി അസ്വസ്ഥനായി. ആരെങ്കിലും എന്തെങ്കിലുമൊക്കെ ചോദിക്കുന്നത് കേട്ട് എന്നോട് വന്നു ചോദിക്കുന്നതെന്തിനാണെന്ന് ചോദിച്ച മുഖ്യമന്ത്രി സ്വയബുദ്ധി ഉപയോഗിക്കണമെന്ന് പറഞ്ഞ് മാദ്ധ്യമ പ്രവർത്തകനോട് കയർത്തു. ഇത് കേരള സംസ്ഥാനത്തിന്റെ പ്രവർത്തനത്തെയല്ല രാജ്യത്തിന്റെ പ്രവർത്തനത്തെ വിലയിരുത്താനുള്ള തെരഞ്ഞെടുപ്പാണെന്ന് ന്യായീകരിക്കാനും മുഖ്യമന്ത്രി മറന്നില്ല