നെയ്റോബി: ആഫ്രിക്കൻ രാജ്യങ്ങളായ കെനിയയിലും ടാൻസാനിയയിലും അതിശക്തമായ മഴ. ടാൻസാനിയയിലുണ്ടായ കനത്ത മഴയെ തുടർന്ന് 155 പേരാണ് മരിച്ചത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 236 പേർക്ക് പരിക്കേൽക്കുകയും 51,000 വീടുകൾ പൂർണമായി തകരുകയും ചെയ്തു. ദിവസങ്ങളായി ശക്തമായ മഴയാണ് രാജ്യത്തുള്ളത്.
ടാൻസാനിയയിൽ നിരവധി റോഡുകളും പാലങ്ങളും റെയിൽവേ ട്രാക്കുകളും തകർന്നു. രാജ്യത്ത് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മഴയെ കൂടാതെ പ്രദേശത്ത് മണ്ണിടിച്ചിലും ശക്തമായ കാറ്റും തുടരുന്നുണ്ട്. ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വീടുകൾ നഷ്ടമായവർക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിച്ചുനൽകാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അയൽരാജ്യങ്ങളായ ബുറുണ്ടിയിലും കെനിയയിലും വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെനിയയിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട് 35 -ഓളം പേരാണ് ഇതുവരെ മരിച്ചത്. കെനിയയിൽ പൂർണമായും ഗതാഗതം സ്തംഭിച്ചു. ഹൈവേകളുൾപ്പെടെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. വരും ദിവസങ്ങളിൽ രാജ്യത്തുടനീളം ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ഭക്ഷണവും മറ്റ് സാധനങ്ങളും നൽകണമെന്നും ദുരിതബാധിതാ മേഖലയിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കണമെന്നും കെനിയ ഡെപ്യൂട്ടി പ്രസിഡൻ്റ് റിഗതി ഗച്ചാഗ്വ പത്രസമ്മേളനത്തിൽ പറഞ്ഞു. ബുറുണ്ടിയിലും മാസങ്ങളായി മഴ തുടരുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ലക്ഷത്തോളം ആളുകളാണ് സ്ഥലത്ത് നിന്ന് പാലായനം ചെയ്തത്.