ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ആറിലെ വ്യാഴം അത്ര സുഖകരം ആയിരിക്കണമെന്നില്ല. എന്നാൽ ധനുക്കൂറുകാരുടെ മൂന്നിലെ ശനി ഇവർക്ക് ഗുണഫലങ്ങൾ നൽകും. ക്ഷമ, ധൈര്യം, പോസിറ്റീവ് ചിന്ത എന്നിവ പരീക്ഷിക്കപ്പെടും.
ചില അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പദ്ധതികളെ തടസ്സപ്പെടുത്തുകയോ ചില അസ്വസ്ഥതകൾ ഉണ്ടാക്കുകയോ ചെയ്യും. മാനസിക വ്യഥ ഉണ്ടാകും. എന്നാൽ നിരാശയിലേക്ക് പോകാതെ ശ്രദ്ധിക്കുക. തിരിച്ചടികൾ വെല്ലുവിളികളായി കണ്ടാൽ വിജയം സുനിശ്ചിതം. വെല്ലുവിളികളെ അതിജീവിക്കാനും അവസരങ്ങളെ പ്രയോജനപ്പെടുത്താനും കഴിയുമെങ്കിൽ, ജീവിതത്തിൽ പുതിയ വാതിലുകൾ തുറക്കപ്പെടും.
ശത്രുക്കളിൽ നിന്നുള്ള ഭീഷണിയും നിങ്ങൾക്ക് അനുഭവപ്പെടാം. ആരോഗ്യപരമായി ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങളിൽ പരാജയം നേരിടാം, കുടുംബാംഗങ്ങളുമായി വാഗ്വാദവും ശത്രുതയും അനുഭവപ്പെടാം. മാനസിക വിഷമതയും ഉണ്ടാകാം.
എന്നാൽ ഈ പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ, അപ്രതീക്ഷിതമായ ചില സഹായ സാധ്യതകളും ഉണ്ടാകാം. ഈ സഹായങ്ങൾ ഐശ്വര്യദായകമായ ഒരു അവസ്ഥ നേടാനും സഹായിക്കും. വിശ്വസ്തരായ വേണ്ടപ്പെട്ടവരുടെ അടുത്തു നിന്നും നിർലോഭമായ സഹായവും പിന്തുണയും അനുഭവപ്പെടും.
തൊഴിൽ സംബന്ധമായി നല്ല മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ തൊഴിലോ, നിലവിലെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തും.
ആറിലെ വ്യാഴം എന്നാൽ കുടുംബ ജീവിത ക്ലേശങ്ങൾ ഉണ്ടാവുക, മനഃസ്വസ്‌ഥത കുറയുക, കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം ശത്രുത ഉണ്ടായേക്കാം. സർക്കാർ സംബന്ധമായ ദോഷാനുഭവങ്ങൾ, നിയമപരമായ പ്രശ്നങ്ങൾ, സർക്കാരിൽ നിന്നുള്ള ദോഷം, പിഴ പോലെയുള്ളവ ഒക്കെയും സൂക്ഷിക്കണം എന്നാണ്.
സഹപ്രവർത്തകരോട് ആവശ്യമുള്ള കാര്യങ്ങൾ മാത്രം സംസാരിക്കുക. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കുക. എല്ലാ സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും രഹസ്യങ്ങൾ പങ്കു വയ്‌ക്കുന്നത് ദോഷം ചെയ്യും.
രോഗാദിദുരിതങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, ശത്രുഭയം, ശത്രുക്കളിൽ നിന്നുള്ള ദോഷം, വിജയം നേടാൻ കൂടുതൽ പരിശ്രമിക്കേണ്ടി വരുക, ഭാര്യക്ക് രോഗം, ബിസിനസ്സിൽ പരാജയം, കുടുംബത്തിൽ അനിഷ്ടസംഭവങ്ങൾ ഒക്കെയും വന്നേക്കാം. മാതാവിന്റെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധ കൊടുക്കണം.
യാതൊരു കാരണവശാലും ആവശ്യമില്ലാത്ത കാര്യങ്ങളിൽ പോയി തല വച്ച് കൊടുക്കരുത്. പുതിയ ലോൺ മുതലായവയ്‌ക്ക് ഒപ്പിടുമ്പോൾ വളരെ സൂക്ഷിക്കുക. എല്ലാം സമയമെടുത്ത് സമാധാനമായി ആലോചിച്ചു യുക്തിപൂർവം മാത്രം തീരുമാനിക്കുക. മനപൂർവം സ്വഭാവത്തിൽ ഒരു ക്ഷമ ശീലിക്കുക ഒക്കെ വഴി ഒരു പരിധി വരെ കഷ്ടതകളിൽ നിന്നും രക്ഷപെടാം.
ഉഗ്രഭാവത്തിലെ നരസിംഹസ്വാമിക്ക് പാനകം, നെയ്‌വിളക്ക്, മഹാദേവന് അഭിഷേകം നടത്തുന്നത് ഗുണഫലങ്ങൾ നൽകും, അഭിഷേക ദ്രവ്യം, ആവർത്തനം ഒക്കെ ദശാപഹാരത്തിന് അനുസരിച്ചു വേണം നിശ്ചയിക്കാൻ.
മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
അഞ്ചാം ഭാവത്തിലെ ഗുരു കുടുംബത്തിൽ സന്തോഷവും സമൃദ്ധിയും സമ്മാനിക്കും. ഏഴരശനിയുടെ അവസാനകാലമാണ് എങ്കിലും വ്യാഴത്തിന്റെ ആനുകൂല്യം വരുന്നതിനാൽ ദുരിതങ്ങൾ വളരെ വലിയ തോതിൽ തന്നെ ഒഴിവായി പോകുന്നത് അനുഭവപ്പെടും .
കുടുംബാംഗങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാൻ സാധിക്കും. കുടുംബത്തിൽ ഐക്യവും സഹകരണവും ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിലും വിവാഹ കാര്യങ്ങളിലും നിലനിൽക്കുന്ന തടസ്സങ്ങൾ നീങ്ങും. അവരുടെ ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ അവർക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും.
ജീവിതത്തിലും വ്യാപാരത്തിലും ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ കഴിയും. ഈ ദൃഢനിശ്ചയം വിജയത്തിന് കാരണമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രതിസന്ധികൾക്ക് അന്ത്യം കാണുകയും സുസ്ഥിരമായ സാമ്പത്തിക അടിത്തറ സ്ഥാപിക്കുകയും ചെയ്യും.
തൊഴിലിൽ വിജയം പ്രതീക്ഷിക്കാം. പുതിയ തൊഴിലവസരങ്ങൾ, ഉയർന്ന സ്ഥാനലബ്ധി സാധ്യത. തൊഴിൽ മേഖലയിൽ നിങ്ങളുടെ അധ്വാനത്തിന് അംഗീകാരം ലഭിക്കും. ഈ നേട്ടങ്ങൾ ജീവിതത്തെ കൂടുതൽ സന്തോഷകരവും സംതൃപ്തവുമാക്കും.
ദുഷിച്ച കൂട്ടുകെട്ടുകളിൽ നിന്ന് മോചനം ലഭിക്കും. നല്ല സ്വാധീനവും പിന്തുണയും നൽകുന്ന സുഹൃത്തുക്കളുമായി ബന്ധം സ്ഥാപിക്കാൻ കഴിയും. സമൂഹത്തിൽ ഉയർന്ന നിലയിൽ ജീവിക്കുന്നവരുടെ സൗഹൃദം തേടി വരും.
വ്യാപാര-ബിസിനസ്സുകളിൽ പുരോഗതി ഉണ്ടാകും. ലാഭം വർദ്ധിക്കും, പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കും. പുത്രഭാഗ്യം, സ്ത്രീസുഖം, ധനലാഭം, പുതിയ വീട് വാങ്ങാൻ സാധ്യത, വാഹനഭാഗ്യം, തൊഴിലാളികൾ വളരെ ഉണ്ടാവുക, വിവാഹകാലം, മനസുഖം, കീർത്തി, സർക്കാർ ജോലി അനുഭവത്തിൽ വരിക ഒക്കെയും ആണ് മറ്റു ഗുണാനുഭവങ്ങൾ.
എല്ലാം കൊണ്ടും നല്ല കാലമാണ്. കുറേക്കാലമായി അനുഭവിച്ച പല പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കും. ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങും, പുരോഗതിക്ക് വഴി തുറക്കും. വിദേശ യാത്രകൾ നിങ്ങളുടെ ജീവിതത്തിൽ പുതിയ അവസരങ്ങൾ തുറന്നു തരും. ദശാകാലം കൂടി പരിഗണിച്ചു ദശാനാഥന്മാരുടെ പ്രീതി സമ്പാദിച്ചാൽ ഒരുപക്ഷെ അപ്രതീക്ഷിതമായ വമ്പൻ സൗഭാഗ്യങ്ങൾ വന്നു ചേരും.
ഉപരിപഠനത്തിനു പറ്റിയ കാലം ആണ്. സാങ്കേതിക പഠനങ്ങൾക്കും, വിദേശത്തു പഠനം നടത്തുവാനും ആഗ്രഹിക്കുന്നവർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും. സിനിമ, നാടക മേഖലയിൽ ഉള്ളവർക്ക് വമ്പൻ അംഗീകാരം വന്നു ചേർന്നേക്കാവുന്ന പ്രൊജെക്ടുകളിൽ പ്രവർത്തിക്കാനും കഴിവ് തെളിയിക്കാനും യോഗം ഉണ്ട്. വളരെ കാലമായി സന്താന സൗഭാഗ്യത്തിനായി ആഗ്രഹിച്ചിരുന്നവർക്ക് ഫലം ലഭിക്കുന്ന കാലം ആണ്.
മാതാപിതാക്കളോടപ്പം മറ്റെല്ലാ തിരക്കും ഒഴിവാക്കി ഭക്തിയോടെ അവരെ പരിപാലിക്കുന്നതും ഗുണഫലങ്ങൾ ഇരട്ടിപ്പിക്കും. അവരോടൊപ്പം സമയം ചിലവഴിക്കുന്നതും അർഹരായവർക്ക് അന്നദാനം നടത്തുന്നത് ഗുണകരം ആണ്. വൃദ്ധ സദനങ്ങളിൽ അന്നദാനം നടത്തി അവരോടൊപ്പം ഒരു ദിവസമെങ്കിലും ചിലവഴിക്കുന്നതും അവരെ സന്തോഷിപ്പിക്കുന്നതും പതിന്മടങ് ഗുണം ചെയ്യും.
മഹാദേവനെയും, ബാല സുബ്രമണ്യനെയും, ശാസ്താവിനേയും പ്രീതിപെടുത്തുക. നിവേദ്യം, അഭിഷേകം, അലങ്കാരം ഒക്കെയും വഴിപാടായി നടത്തുക. അല്ലെങ്കിൽ ആയുധങ്ങൾ, അലങ്കാര വസ്തുക്കൾ നടയിൽ സമർപ്പിക്കുക. യഥാവിധി നിറത്തിലുള്ള പട്ടു വസ്ത്രങ്ങൾ, ബാലസുബ്രമണ്യന് വേൽ, മഹാദേവന് ഡമരു ഒക്കെയും സമർപ്പിക്കാം . അഗതി മന്ദിരങ്ങളിൽ മധുര പലഹാരം വിതരണം ചെയുക. ഇതിനു പുറമെ ശ്രീ പദ്മനാഭ സ്വാമിയെയും, പഴവങ്ങാടി മഹാഗണപതിയെയും വണങ്ങുക. യഥാവിധി വഴിപാടുകൾ നടത്തുക.
കുഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
നാലിലെ വ്യാഴം ഗുണാനുഭവങ്ങൾ കുറയ്‌ക്കും. ശത്രുക്കളെയും നിയമപരമായ പ്രശ്നങ്ങളെയും ഒരു പോലെ സൂക്ഷിക്കേണ്ടതാണ്. കുടുംബത്തിൽ സ്വസ്ഥതക്കുറവ്, കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസവും കലഹവും ഉണ്ടാകാൻ സാധ്യത. ജോലി സംബന്ധമായ സ്ഥാനനഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കുക. ജോലിയിൽ നിന്ന് നീക്കം ചെയ്യപ്പെടാൻ സാധ്യത ഉള്ളതിനാൽ അലസഭാവം വിട്ടു വളരെ ശ്രദ്ധയോടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുക.
സാമ്പത്തികനഷ്ടം കാണുന്നു. പുതിയ കടങ്ങൾ ഒഴിവാക്കി, പഴയ കടങ്ങൾ കുറയ്‌ക്കുന്നതിന് ശ്രദ്ധ കൊടുക്കുക. മനോദുഃഖം, അന്യദേശവാസം, ഭാര്യാദുരിതം, അപകടങ്ങൾ, ദുർവാർത്തകൾ ഒക്കെയും കൊണ്ട് മാനസിക സമ്മർദ്ദം വർദ്ധിക്കാൻ സാധ്യതയുണ്ട്. ഉത്കണ്ഠ, വിഷാദം എന്നിവ അനുഭവപ്പെടാം.
പല കാര്യങ്ങളിലും തടസ്സാനുഭവങ്ങൾ വരാം. ലക്ഷ്യങ്ങൾ നേടാൻ ബുദ്ധിമുട്ട് നേരിടാം. ആഗ്രഹങ്ങൾ നടക്കുമെങ്കിലും ആഗ്രഹിച്ച രീതിയിൽ നടക്കണം എന്നില്ല. മിക്കപ്പോഴും ആഗ്രഹങ്ങൾ നടന്നാലും സന്തോഷിക്കാൻ വകയുണ്ടാകില്ല. ദാമ്പത്യ പരമായ ക്ലേശങ്ങൾ വർദ്ധിക്കാം. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസവും വാഗ്വാദവും ഉണ്ടാകാം. ജിവിത പങ്കാളിക്ക് ആരോഗ്യ ക്ലേശങ്ങൾ വരാവുന്ന സമയമാണ്. കുടുംബത്തിൽ നിന്നും അകന്നു കഴിയേണ്ടതായ സാഹചര്യം സംജാതമായി എന്ന് വരാം.
ഊഹാപോഹങ്ങൾ, കിംവദന്തികൾ എന്നിവയിൽ നിന്ന് രക്ഷനേടുക. ഊഹ കച്ചവടം, ഭാഗ്യ പരീക്ഷണം എന്നിവ ഒഴിവാക്കണം. സാഹസിക പ്രവൃത്തികളിൽ നിന്നും വിവാദങ്ങളിൽ നിന്നും ബോധപൂർവം ഒഴിഞ്ഞു നില്‍ക്കണം. അപകടങ്ങള്‍ക്കും വീഴ്ചകള്‍ക്കും മറ്റും സാധ്യത ഉള്ളതിനാല്‍ വാഹനം, യന്ത്രം, അഗ്നി, വൈദ്യുതി എന്നിവയുമായി ബന്ധപ്പെടുമ്പോള്‍ വളരെ കരുതല്‍ വേണം.
പുതിയ വസ്തുക്കൾ വാങ്ങാൻ ധനം ഉപയോഗിക്കുന്നതിനുമുമ്പ് നന്നായി ആലോചിക്കുക. ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് പ്രയോജനം ചെയ്യുന്ന വസ്തുക്കളിൽ മാത്രം നിക്ഷേപിക്കുക. നാൽക്കാലികളിൽ നിന്നുള്ള അപകടസാധ്യതയെക്കുറിച്ച് ശ്രദ്ധിക്കുക. വളർത്തുമൃഗങ്ങളെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുകയും അവയെ നിയന്ത്രണത്തിൽ നിർത്തുകയും ചെയ്യുക. കൃത്യസമയത്തു വാക്‌സിനേഷൻ ഒക്കെ ഉറപ്പാക്കുക. നിക്ഷേപങ്ങൾ നടത്താൻ ഇപ്പോൾ അനുയോജ്യമായ സമയമല്ല. ധനകാര്യ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിനുമുമ്പ് വിദഗ്‌ദ്ധരുടെ ഉപദേശം തേടുക.
ബന്ധുക്കളിൽ നിന്ന് ചില ദുഃഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ക്ഷമയും ധാരണയും പുലർത്താൻ ശ്രമിക്കുക, സംഘർഷങ്ങൾ ഒഴിവാക്കുക. അടുത്ത ബന്ധുക്കളിൽ നിന്ന് പ്രതികൂലമായ തിരിച്ചടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അവരുമായി തുറന്നതും സത്യസന്ധവുമായ ആശയവിനിമയം നിലനിർത്തുക.
വാഹനം ഓടിക്കുമ്പോൾ വളരെ ശ്രദ്ധിക്കുക. അപകടസാധ്യതകൾ ഒഴിവാക്കാൻ സുരക്ഷിതമായി ഡ്രൈവ് ചെയ്യുക. വാഹനത്തിൽ ദേവി മാഹാത്മ്യമോ ഹനുമാൻ ചാലിസയോ വയ്‌ക്കുന്നത് ഒരു കവചം പോലെ നിങ്ങളെ സംരക്ഷിക്കും.
വിഷ്ണു ക്ഷേത്രത്തിൽ പാൽപ്പായസം, നെയ്യ് വിളക്ക്, അർച്ചന, തുളസി മാല ഒക്കെ നടത്തുക. അയ്യപ്പന് എള്ള് പായസ അർച്ചന നടത്തുക. ദുര്ഗാദേവിക്ക് ഒരു മണ്ഡലം നെയ്‌വിളക്ക് തെളിയിക്കുക. ഒറ്റക്ക് അലഞ്ഞു തിരിയുന്നവർക്കും മാനസിക രോഗികളെ പാർപ്പിച്ചിരിക്കുന്നടത്തും നെയ്യ് കൊണ്ടുള്ള പലഹാരങ്ങൾ ഉൾപ്പടെയുള്ള അന്നദാനം നടത്തുക. അവർക്ക് കോടി വസ്ത്രം പുതപ്പു ഒക്കെ വാങ്ങി നൽകുക. ഒരു മണ്ഡലം കഠിന വൃതം എടുത്തു മാസ പൂജ സമയത്തു ശബരിമല ദർശനം നടത്തുക. ശുചീന്ദ്രം ക്ഷേത്രത്തിൽ ഹനുമാൻ സ്വാമിക്ക് വെണ്ണ സമർപ്പിക്കുക.
മീനം രാശി (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മൂന്നിലെ വ്യാഴം, പന്ത്രണ്ടിൽ ശനി, ഇതിൽപരം പരീക്ഷണകാലം ജീവിതത്തിൽ ഉണ്ടാകാൻ സാധ്യത കുറവാണ് . ഓരോ കാര്യത്തിലും ശ്രദ്ധാലുവായി തീരുമാനങ്ങൾ എടുക്കുകയും അനാവശ്യ റിസ്കുകൾ ഒഴിവാക്കുകയും ചെയ്യുക.
കർമ്മ രംഗത്ത് ചില പ്രതിസന്ധികൾ ഉണ്ടാകാം. ഈ പ്രതിസന്ധികളെ നേരിടാൻ ധൈര്യവും ധർമ്മബോധവും കഠിനാധ്വാനവും പരിശ്രമവും കാണിക്കേണ്ടത് പ്രധാനമാണ്. സത്യസന്ധതയോടെയും നീതിയോടെയും പോസിറ്റീവ് ചിന്തകളോടും പ്രവർത്തിക്കുകയാണെങ്കിൽ നിങ്ങൾക്ക് വിജയിക്കാൻ കഴിയും. ഓരോ ചുവടും ചതി വഞ്ചന ഒന്നും സംഭവിക്കാതെ വളരെ ശ്രദ്ധയോടെ വേണം. ഫോൺ സന്ദേശം, രഹസ്യ രേഖകൾ, പ്രധാനപ്പെട്ട രേഖകൾ ഒന്നും ചോർത്തപ്പെടാതെ ശ്രദ്ധിക്കുക. പ്രതീക്ഷിക്കാത്ത ഇടങ്ങൾ നിന്നും ഉന്നതസ്ഥാനീയരിൽ നിന്നും സഹായം ലഭിക്കുകയും ചെയ്യും.
പിതാവിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. സഹോദരന്മാരുമായി അഭിപ്രായ വ്യത്യാസവും കലഹവും ഉണ്ടാകാൻ സാധ്യതയുണ്ട്. സഹോദരന്മാർ മൂലം ദോഷം സംഭവിക്കാൻ സാധ്യതയുണ്ട്. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസവും കലഹവും ഉണ്ടാകാൻ സാധ്യതയുണ്ട്. സന്താനങ്ങളുമായി പ്രശ്നങ്ങൾ, സന്താനനഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. ഗർഭിണികൾ ഒക്കെ വളരെ സൂക്ഷിക്കണം.
കുടുംബ വസ്തുക്കളിൽ കേസ് വഴക്കുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സർവ്വകാര്യതടസം, ധനനഷ്ടം, അന്യജനങ്ങളാൽ അപമാനിക്കപ്പെടുക, കുടുംബ ബന്ധുജനവിരഹം, തൊഴിൽക്ലേശം, അലസത, മന ദുഃഖം ഒക്കെയും ആണ് വിധി. എന്നാൽ ഇതൊക്കെ ഒരു പരീക്ഷണ കാലം എന്ന് ഭാവത്തിൽ സ്വന്തം കഴിവിലും പ്രയത്നത്തിലും അചഞ്ചലമായ വിശ്വാസത്തോടെ മുന്നോട്ടു പോകുന്നവർക്ക് വിജയം ഉണ്ടാകും.
വരുമാനത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിലും നഷ്ടസാധ്യതയില്ല എന്ന് ആശ്വസിക്കാം. ഏഴരശനിക്കാലം കൂടെ ആകയാല്‍ പല അവസരങ്ങളിലും മാനസിക വിഹ്വലത മൂലം വേണ്ട രീതിയിൽ പ്രവര്‍ത്തിക്കുവാന്‍ കഴിയാതെ വരാം. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാത്ത പ്രവൃത്തികള്‍ മൂലം മനോ വൈഷമ്യം വരാന്‍ ഇടയുണ്ട്.
എന്നാൽ, പരിഹാര ക്രിയകൾ ചെയ്യുന്നവർക്കും, ദശാപഹാരങ്ങൾ നല്ല സ്ഥിതിയിൽ ഉള്ളവർക്കും അനുകൂലമാണെങ്കിൽ ദോഷം ഒട്ടും തന്നെ ബാധിക്കുകയില്ല. പളനിയിൽ തല മുണ്ഡനം ചെയ്തു, കവടി എടുത്തു നടന്നു കയറി ത്രികാല പൂജയിൽ പങ്കെടുക്കുന്നത് ദുരിതങ്ങൾ അകറ്റും. തക്കല കുമാര കോവിലിൽ പോകുന്നതും ഉചിതമാണ്. തിരുച്ചെന്തൂർ മുരുകനെ തൊഴുതു തീർത്ഥം കുടിക്കുന്നത് ഗുണകരമാണ്. നവഗ്രഹങ്ങൾ ഉള്ള ക്ഷേത്രത്തിൽ നവഗ്രഹ പൂജയും വ്യാഴത്തിന് വിശിഷ്യാ മുല്ലപ്പൂക്കൾ കൊണ്ടുള്ള മാലയും സമർപ്പിച്ചു, ദക്ഷിണാമൂർത്തിയെ യഥാവിധി പ്രസാദിപ്പിക്കുന്നതും ഗുണംകരം ആകുന്നു. ദശാപഹാരം അനുസരിച്ചു നിശ്ചിത ഭാവത്തിൽ ഉള്ള ശ്രീമഹാവിഷുണിന്റെ ചിത്രം പേഴ്‌സിലോ മൊബൈലിലോ മറ്റോ സൂക്ഷിച്ചു ദിനവും പ്രാർത്ഥിക്കുന്നതും വലിയ മാറ്റങ്ങൾ കൊണ്ട് വരും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)