ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശത്തിന്റെ വിജയകുതിപ്പാണ് എങ്ങും കേൾക്കുന്നത്. തിയേറ്ററിലെത്തിയ ദിവസം തന്നെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. രംഗണ്ണൻ എന്ന കഥാപാത്രം ഫഹദിനല്ലാതെ മറ്റാർക്കും ചെയ്യാനാകില്ലെന്ന് ഉൾപ്പെടെയുള്ള അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വരുന്നത്. ദിവസങ്ങൾ കൊണ്ട് ചിത്രം കളക്ഷനിൽ കുതിച്ചുയർന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. 120 കോടിയാണ് ആവേശം ഇതുവരെ നേടിയത്.
ചിത്രം 350-ലധികം സ്‌ക്രീനുകളിൽ പ്രദർശനം തുടരുന്നുവെന്ന വിവരം ഫഹദ് ഫാസിൽ അറിയിച്ചിരുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഫഹദ് ഇക്കാര്യം അറിയിച്ചത്. വിഷു ചിത്രങ്ങളിൽ പ്രീ റിലീസിൽ വൻ ഹൈപ്പ് കിട്ടിയ സിനിമയാണ് ആവേശം. ജിത്തുവിന്റെ രോമാഞ്ചം എന്ന സിനിമയിൽ കണ്ട അതേ എനർജിയും ആവേശവുമൊക്കെ ഈ ചിത്രത്തിലുമുണ്ട്. ബെംഗളൂരുവിൽ വാടക വീട്ടിൽ ഒരുമിച്ച് താമസിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ് രോമാഞ്ചം പറഞ്ഞതെങ്കിൽ, കോളേജ് ഹോസ്റ്റലിലെ കുറച്ചു വിദ്യാർത്ഥികളുടെ പ്രശ്നങ്ങളാണ് ആവേശം പറയുന്നത്.
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ചിത്രം നിർമിച്ചത്.
കോമഡിക്കും ആക്ഷൻ സീനുകൾക്കും പ്രധാന്യം നൽകിയ ചിത്രം യുവതലമുറയാണ് ഏറ്റെടുത്തിരിക്കുന്നത്. ഹിപ്സ്റ്റര്‍, മിഥുന്‍ ജയ്‍ശങ്കര്‍, റോഷന്‍ ഷാനവാസ് തുടങ്ങിയ ഒരു കൂട്ടം നവാഗതരും ഫഹദിനൊപ്പം പ്രധാനവേഷത്തിലെത്തുന്നുണ്ട്.