കൊൽക്കത്ത: സന്ദേശ്ഖാലിയിൽ സിബിഐ നടത്തിയ റെയ്ഡിൽ ബോംബുകളും ആയുധങ്ങളും കണ്ടെത്തിയ സംഭവത്തിൽ തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. ഷെയ്ഖ് ഷാജഹാനുമായി ബന്ധപ്പെട്ടവരുടെ വസതിയിൽ നിന്നാണ് സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയിരിക്കുന്നതെന്നും അതിനാൽ മമതയുടെ സർക്കാരിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ഇത്തരം ആയുധങ്ങൾ ഭീകരവാദികളാണ് ഉപയോഗിക്കുന്നതെന്നും ഷെയ്ഖ് ഷാജഹാനെ പോലുള്ള ഭീകരവാദികളെ വളർത്തിയെടുത്ത ശേഷം മുഖ്യമന്ത്രിയായി തുടരാനുള്ള മമതയുടെ നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ മുഖ്യമന്ത്രിയായി തുടരാനുള്ള മമതയുടെ ധാർമ്മിക അവകാശം നഷ്ടപ്പെട്ടതായും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
” സന്ദേശ്ഖാലിയിൽ നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തുക്കളും ആയുധങ്ങളും വിദേശത്ത് നിർമിച്ചവയാണ്. ആർഡിഎക്സ് പോലുള്ള സ്ഫോടക വതുക്കളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഇത്തരം വസ്തുക്കൾ ഭീകരവാദികൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. ഈ ആയുധങ്ങളെല്ലാം ഉപയോഗിക്കുന്നത് അന്താരാഷട്ര ഭീകരരാണ്. അതിനാൽ തൃണമൂൽ കോൺഗ്രസിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. പറുദ്ദീസ പോലുള്ള നമ്മുടെ സംസ്ഥാനത്തെ തകർക്കാനാണ് ടിഎംസി ശ്രമിക്കുന്നത്.”- സുവേന്ദു അധികാരി പറഞ്ഞു.
ജനുവരി 5ന് നടന്ന ആക്രമണത്തിൽ ഇഡി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസിലെ മുഖ്യപ്രതി ഷെയ്ഖ് ഷാജഹാനാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരുന്നതിന്റെ ഇടയിലാണ് സിബിഐ റെയ്ഡ് നടത്തിയത്. ഷാജഹാനുമായി അടുത്ത ബന്ധമുള്ള താലീബ് എന്നയാളുടെ വീട്ടിൽ നിന്നാണ് ആയുധശേഖരം പിടിച്ചെടുത്തത്. ഇയാൾ ഒളിവിലാണ്.