മലപ്പുറം: പെരിന്തൽമണ്ണയിലെ സംഘർഷത്തിൽ പരിക്കേറ്റ അക്രമി മരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കരിങ്കൽ അത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്. നാട്ടുകാരെ ആക്രമിക്കുന്നതിനിടെ ഇയാൾക്കും പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രദേശവാസിയായിരുന്ന സുലൈമാനെ ലക്ഷ്യം വച്ചായിരുന്നു നിസാമുദ്ദീൻ വന്നെതെന്ന് നാട്ടുകാർ പറഞ്ഞു. കണ്ണിൽ മുളകുപൊടി വിതറിയ ശേഷം സുലൈമാനെ വെട്ടുകയായിരുന്നു. അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിച്ച നാട്ടുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് നിസാമുദ്ദീന് പരിക്കേറ്റത്.
നാട്ടുകാർക്ക് നേരെ കത്തി വീശുകയും പൊട്ടിയ ?ഗ്ലാസുപയോ?ഗിച്ച് കുത്തി പരിക്കേൽപ്പിക്കാനും ഇയാൾ ശ്രമിച്ചെന്ന് പ്രദേശവാസികൾ പറഞ്ഞു. തുടർന്നുണ്ടായ ഉന്തുംതള്ളിലാണ് അക്രമിക്ക് സാരമായ പരിക്കേറ്റത്. ഇതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പ്രതിയെ മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.















