കാലാവസ്ഥ അതീവഗുരുതമാകുന്നു. ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് രണ്ടാം ഘട്ട താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ടാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പാലക്കാട് ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ ജില്ലാ കളക്ടർക്ക് കെ.എസ്.ഡി.എം.എ നിർദ്ദേശം നൽകിയിട്ടുണ്ട്. മേയ് രണ്ട് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുമെന്ന് കളക്ടർ അറിയിച്ചു. അഡീഷണൽ ക്ലാസുകളോ സമ്മർ ക്ലാസുകളോ പാടില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ഇതുവരെ സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പും താപനില മുന്നറിയിപ്പിലും ഒന്നാം ഘട്ട അലർട്ടായ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. കൊല്ലം, തൃശൂർ ജില്ലകളിലും ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നു. ഈ ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു.
സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ താപനില ഉയരാം. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്തും തൃശൂരും 40 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. സൂര്യൻ ഭൂമധ്യരേഖയിൽ നിന്ന് ഉത്തരായന രേഖയിലേക്കുള്ള സഞ്ചാരപാതയിലായതിനാലും വേനൽ മഴയിലെ വലിയ കുറവുമാണ് നിലവിലെ ചൂടിന് കാരണമെന്നാണ് നിഗമനം.