ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്ററിന്റെ സുരക്ഷ വർധിപ്പിച്ചു. ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ എല്ലാ ഓഫീസുകളിലും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരെ വിന്യസിക്കും.
ഉദ്യോഗസ്ഥരുടെ അന്വേഷണങ്ങൾക്കോ റെയ്‌ഡുകൾക്കോ തടസ്സമുണ്ടാകാത്തവിധം രാജ്യത്തുടനീളമുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസുകളിൽ സ്ഥിരമായി ഈ അർധസൈനിക വിഭാഗത്തെ വിന്യസിക്കാനാണ് തീരുമാനം. ഇഡി ഉദ്യോഗസ്ഥർ സുരക്ഷാ ഭീഷണി നേരിടുന്നതായുള്ള ഇൻ്റലിജൻസ് ബ്യൂറോയുടെ (ഐബി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ കൊൽക്കത്ത, റാഞ്ചി, റായ്പൂർ, മുംബൈ, ജലന്ധർ, ജയ്പൂർ, കൊച്ചി എന്നിവിടങ്ങളിലാണ് സേനയെ വിന്യസിക്കുക.
ഈ വർഷം ജനുവരി അഞ്ചിന് കൊൽക്കത്ത യൂണിറ്റിലെ ഒരു സംഘം ഇഡി ഉദ്യോഗസ്ഥർക്ക് ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മാത്രമല്ല സന്ദേശ് ഖാലി ആക്രമണങ്ങൾക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്‌ഖിന്റെ വസതിയിലേക്ക് റെയ്ഡിനായി പോവുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർക്ക് നേരെയും ആക്രമണമുണ്ടായി. ഈ ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.