ഇടുക്കി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനപാലകർക്ക് പരിക്ക്. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരായ വാച്ചർ സുമൻ, ഫോറസ്റ്റർ ഭൂപതി എന്നിവർക്കാണ് പരിക്കേറ്റത്. കേരള തമിഴ്‌നാട് അതിർത്തിയിലുള്ള വനത്തിൽ വച്ചായിരുന്നു സംഭവം.
വരയാടുകളുടെ സർവേ എടുക്കുന്നതായി വനത്തിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഭൂപതിയുടെ കയ്യിനും കാലിനും പരിക്കേറ്റു. സുമന്റെ ഇടതുകാൽ ഒടിയുകയും കയ്യിന് സാരമായ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് തേക്കടിയിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.















