യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പദ്മജാ വേണുഗോപാൽ. രാഹുലിന് സ്ത്രീകളോട് ദേഷ്യമാണെന്നും സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ കുറിച്ച് എന്തൊക്കെയാണ് ഇയാൾ പറയുന്നതെന്നും പദ്മജ ഫെയ്സ്ബുക്കിൽ കുറിച്ചു.
”എന്നെ പറഞ്ഞത് ഞാൻ ക്ഷമിച്ചു. എന്റെ അച്ഛനെ പറ്റി പറഞ്ഞു. രാഷ്ട്രീയത്തിൽ ഒന്നും ഇല്ലാതിരുന്ന എന്റെ അമ്മയെ പറ്റി പറഞ്ഞു. എന്റെ അമ്മ സ്വന്തം മക്കളെ പോലെ നോക്കിയ പല നേതാക്കന്മാരും അത് ആസ്വദിച്ചു. ഇപ്പോൾ ഷൈലജ ടീച്ചറെ പറ്റി പറയുന്നത് കേട്ടു. എത് പാർട്ടിക്കാരി ആയിക്കോട്ടെ, അവർ സീനിയർ പൊതു പ്രവർത്തകയാണ്. അതിലപ്പുറം ഒരു സ്ത്രീയാണ്. നേതാക്കന്മാരെ മണി അടിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ വല്ല ഇലക്ഷനും നിൽക്കേണ്ടി വന്നാൽ ഒരു സ്ത്രീയുടെ വോട്ടു പോലും നിങ്ങൾക്ക് കിട്ടില്ല. ആദ്യം സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കൂ”- പദ്മജാ വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
ബിജെപിയിൽ ചേർന്നതിന് ശേഷം കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും പദ്മജക്കെതിരെ വലിയ സൈബർ ആക്രമണങ്ങളാണുണ്ടായത്. രാഹുൽ മാങ്കുട്ടത്തിലുൾപ്പെടെ പദ്മജക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നു. “പിതാവ് കരുണാകരന്റെ മൂല്യത്തെ തള്ളി പറഞ്ഞ അവർ ഇനി മുതൽ തന്തയെ കൊന്ന സന്തതി എന്ന പേരിലാകും അറിയപ്പെടുക എന്നായിരുന്നു രാഹുലിന്റെ പരാമർശം”. ഇത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.